യുകെ മലയാളികളെ നടുക്കിയ ഒരപകടമായിരുന്നു കഴിഞ്ഞ മാര്‍ച്ച് 14ന് മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ നടന്നത്. കുട്ടികളെ സ്കൂളില്‍ നിന്നും തിരികെ കൊണ്ട് വരുന്ന വഴി നിയന്ത്രണം വിട്ട് വന്ന ഒരു കാറിനടിയില്‍ പെട്ട് പോള്‍ ജോണ്‍ എന്ന മലയാളി കൊല്ലപ്പെട്ട അപകടം അന്ന് വന്‍ വാര്‍ത്ത ആയിരുന്നു. പാഞ്ഞ് വരുന്ന കാറിന് മുന്‍പില്‍ നിന്നും ഒന്‍പത് വയസ്സുകാരിയായ തന്‍റെ ഇളയ മകളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയില്‍ ആയിരുന്നു പോള്‍ ജോണ്‍ (49) അന്ന് അപകടത്തില്‍ പെട്ടത്. മകളെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറ്റിയെങ്കിലും പാഞ്ഞു വന്ന കാർ പോളിന്റെ ജീവനെടുക്കുകയായിരുന്നു.

വിതിൻ ഷോയിലുള്ള സ്കൂളിൽ നിന്നും ഒൻപതു വയസുകാരിയായ മകളെയും കൂട്ടി വീട്ടിലേയ്ക്ക് പോകുമ്പോൾ കാർ പാഞ്ഞു വന്ന് പോളിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ വരുന്നതു കണ്ട് തള്ളി മാറ്റിയതു കൊണ്ട് മകൾക്ക് നിസാര പരിക്കുകൾ മാത്രമേ ഏറ്റുള്ളൂ. അസാമാന്യ ധൈര്യത്തോടെ മകളെ സുരക്ഷിതയാക്കിയ പോള്‍ അപകടത്തെ തുടര്‍ന്ന് രണ്ട് ദിവസം ജീവന് വേണ്ടി പോരാടിയ ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍ മകളുടെ ജീവന്‍ രക്ഷിച്ച ഒപ്പം തന്‍റെ അവയവങ്ങള്‍ ദാനം ചെയ്ത് കൊണ്ട് കൂടുതല്‍ പേര്‍ക്ക് പോള്‍ വീര നായകനാവുകയും ചെയ്തിരുന്നു.

പോളിനെയും മകളെയും കൂടാതെ മറ്റു രണ്ടു പേരെയും അന്ന് അതേ കാർ ഇടിച്ചിട്ടിരുന്നു. 27കാരിയായ സ്റ്റെഫാനി കെന്‍ഡലിനെയും രണ്ടു വയസുള്ള അവരുടെ മകനെയും ആണ് പോളിനെ ഇടിച്ച ശേഷം അതെ കാര്‍ ഇടിച്ചത്. അപകടത്തില്‍ പോളിന്റെ മകൾ ആഞ്ചല ജോണിന് ചെറിയ മുറിവുകൾ മാത്രമേ പറ്റിയുള്ളൂ. സ്റ്റെഫാനിയുടെ കൈ ഒടിഞ്ഞെങ്കിലും, അവരുടെ രണ്ടുവയസുള്ള മകൻ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. ഈ കുട്ടി പുഷ്ചെയറിൽ ആയിരുന്നു. തലയ്ക്ക് മുറിവേറ്റ പോളിനെ സാൽഫോർഡിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബ്ലീഡിംഗ് നിയന്ത്രിക്കാനാവാതെ മസ്തിക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു

  ലേബർ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ 10 പൗണ്ട് മിനിമം വേതനം; പിരിച്ചുവിടലിനെതിരെ സംരക്ഷണം, വാഗ്ദാനങ്ങളുമായി പ്രതിപക്ഷ നേതാവ് കീർ സ്റ്റാമർ.....

സെൻറ് തോമസ് മൂർ കാത്തലിക്ക് പ്രൈമറി സ്കൂളിനടുത്താണ് കിയാ പികാന്റൊ കാർ അപകടം സൃഷ്ടിച്ചത്. കാറോടിച്ചിരുന്ന 89 കാരൻ എഡ്വേര്‍ഡ് വാലന്‍ ഇന്നലെ കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ച കോടതി ശിക്ഷ പ്രഖ്യാപിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇത്തരം കേസുകളില്‍ തടവ് ശിക്ഷ ഒഴിവാക്കാനാവില്ല എന്ന് പറഞ്ഞ ജഡ്ജി തിമോത്തി സ്മിത്ത് എഡ്വേര്‍ഡിനോട് അത്തരത്തില്‍ ഉള്ള ശിക്ഷ അനുഭവിക്കാന്‍ തയ്യാറായിരിക്കണമെന്നും സൂചിപ്പിച്ചു. പതിനാല് വര്‍ഷത്തെ തടവിന് വരെ സാദ്ധ്യതയുള്ള കുറ്റമാണ് എഡ്വേര്‍ഡിന് മേല്‍ ചുമത്തിയിരിക്കുന്നത്.

2001ല്‍ ആയിരുന്നു പോള്‍ ജോണും കുടുംബവും യുകെയില്‍ എത്തിയത്. പോള്‍ എയര്‍പോര്‍ട്ടിലും ഭാര്യ മിനി എന്‍എച്ച്എസിലും ആയിരുന്നു ജോലി ചെയ്തിരുന്നത്. രണ്ട് മക്കളാണ് ഇവര്‍ക്ക്. മാഞ്ചസ്റ്റര്‍ മലയാളികളുടെ ഏത് ആവശ്യത്തിനും മുന്‍പില്‍ നിന്നിരുന്ന പോളിന്‍റെ മരണം ഇവിടുത്തെ മലയാളികള്‍ക്ക് നികത്താനാവാത്ത നഷ്ടം ആയിരുന്നു ഉണ്ടാക്കിയത്.