ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ രൂപം കൊടുത്ത പ്രത്യേക സേന ആയിരുന്നു ആന്റി റോമിയോ സ്‌ക്വാഡ്. പൂവാല ശല്യം ഇല്ലാതാക്കാനും സ്ത്രീ സുരക്ഷക്കും എന്ന പേരിലായിരുന്നു സ്‌ക്വാഡിന് രൂപം നല്‍കിയതെങ്കിലും ഫലത്തില്‍ സ്ത്രീകള്‍ക്കും കമിതാക്കള്‍ക്കും എന്തിനേറെ സഹോദരി സഹോദരന്‍മാര്‍ക്കും സ്വതന്ത്രമായി വഴി നടക്കാനുള്ള അവകാശത്തെ ഹനിക്കുകയാണ് ഇവര്‍ ചെയ്തത്. ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് കണ്ടാല്‍ തടഞ്ഞുനിര്‍ത്തുകയും അസഭ്യവര്‍ഷം നടത്തുകയും മര്‍ദിക്കുകയും ചെയ്ത് സ്വയം ന്യായാധിപന്‍മാര്‍ ചമയുകയാണ് ഇക്കൂട്ടര്‍. സ്‌ക്വാഡ് നിലവില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇക്കൂട്ടര്‍ക്കെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ ആളിക്കത്തലും കഴിഞ്ഞ ദിവസമുണ്ടായി. ആന്റി റോമിയോ സ്‌ക്വാഡുകാരുടെ ശല്യം സഹിക്കവയ്യാതിരിക്കെയാണ് യുവതിയെ നടുറോഡില്‍ ചോദ്യം ചെയ്യാന്‍ എത്തിയ ആളെ നാട്ടുകാര്‍ കൈകാര്യം ചെയ്തത്. കാവി ഷാള്‍ കഴുത്തിലിട്ട് ബൈക്കിലെത്തിയ ഇയാള്‍ യുവതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ യുവതി ചെരുപ്പൂരി അടിച്ചു. ഇതിനു പിന്നാലെ നാട്ടുകാരും ഇയാളെ കൈവച്ചു. ജാസ് ഒബ്രോയ് എന്നയാളാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.