‘ലജ്ജാകരം” ; പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജനങ്ങൾ ഒത്തുകൂടി. കൂട്ടംകൂടിയത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ലിവർപൂൾ നഗരത്തിൽ

‘ലജ്ജാകരം” ; പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജനങ്ങൾ ഒത്തുകൂടി. കൂട്ടംകൂടിയത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ലിവർപൂൾ നഗരത്തിൽ
October 14 17:47 2020 Print This Article

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലിവർപൂൾ : പുതിയ കോവിഡ് -19 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് രണ്ട് മണിക്കൂറുകൾക്ക് മുമ്പ് ലിവർപൂളിൽ ഒത്തുകൂടിയത് വൻ ജനക്കൂട്ടം. ചൊവ്വാഴ്ച രാത്രി 10 മണിയോട് അടുപ്പിച്ചാണ് കോവിഡ് നിയന്ത്രണങ്ങളെ വക വയ്ക്കാതെ പൊതുജനങ്ങൾ ഒത്തുകൂടിയത്. ഇന്ന് മുതൽ ലിവർപൂൾ ട്രിപ്പിൾ ലോക്ക്ഡൗൺ പരിധിയിൽ വന്നു കഴിഞ്ഞു. കോവിഡ് ഒന്നാം ഘട്ടത്തില്‍ ഉണ്ടായിരുന്ന ലോക്ക്ഡൗണിനോട് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഇവിടെ. ജിം, കാസിനോ, മറ്റ് വിനോദ കേന്ദ്രങ്ങള്‍ എന്നിവ അടച്ചുപൂട്ടും. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നടന്ന സംഭവത്തെ ലജ്ജാകരമെന്നാണ് മേയർ വിശേഷിപ്പിച്ചത്. നിയമങ്ങളെ അവഗണിക്കുന്നത് കാരണമാണ് നഗരം ഇപ്പോൾ ട്രിപ്പിൾ ലോക്ക്ഡൗൺ നേരിടുന്നതെന്ന് മേയർ ജോ ആൻഡേഴ് സൺ പറഞ്ഞു. ബാറുകൾക്ക് സമീപം ആളുകൾ ഒത്തുകൂടിയെന്നും എന്നാൽ വേഗം തന്നെ പിരിഞ്ഞുപോയെന്നും പോലീസ് അറിയിച്ചു. കൊറോണ വൈറസ് നിയമലംഘനത്തിന് 38 ഫിക് സ് ഡ് പെനാൽറ്റി നോട്ടീസുകൾ നൽകിയിട്ടുണ്ട്.

പോലീസ് വാഹനത്തിന് ചുറ്റും ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നതായി ഫൂട്ടേജിൽ കാണാം. “ഈ ചിത്രങ്ങൾ നമ്മുടെ നഗരത്തെ സംബന്ധിച്ചിടത്തോളം ലജ്ജകരമാണ്. ആരോഗ്യ മേഖല താളം തെറ്റുകയാണ്. 300 പേർ ആശുപത്രികളിൽ കഴിയുന്നു. 30 മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു. ജനങ്ങളുടെ ഈ മനോഭാവം കാരണമാണ് ട്രിപ്പിൾ ലോക്ക്ഡൗണിൽ എത്തിനിൽക്കുന്നത്” ജോ അൻഡേഴ് സൺ ട്വിറ്ററിൽ കുറിച്ചു. ജനങ്ങൾ കൂട്ടംകൂടിയത് കണ്ടപ്പോൾ താൻ അതിശയിച്ചുപോയെന്നും ഇത് അപകടകരമായ നീക്കമാണെന്നും മെർസീസൈഡ് പോലീസ് ചീഫ് കോൺസ്റ്റബിൾ ആൻഡി കുക്ക് പറഞ്ഞു. നിലവിൽ ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ അണുബാധ നിരക്കാണ് ലിവർപൂളിൽ. ഒരു ലക്ഷം ജനസംഖ്യയിൽ 635 കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ബഹുഭൂരിപക്ഷം ആളുകളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും എന്നാൽ മനഃപൂർവം നിയമം അവഗണിക്കുന്നവർ കൂടുതൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് കുക്ക് കൂട്ടിച്ചേർത്തു. “പുതിയ നിയമങ്ങൾ ചിലരെ നിരാശപ്പെടുത്തുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, എല്ലാവരുടെയും സുരക്ഷയ്ക്കായി സാമൂഹ്യ അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ളവ അനുസരിക്കാൻ ഞങ്ങൾ എല്ലാവരേയും ഉപദേശിക്കും.” മെർസീസൈഡ് പോലീസിലെ ചീഫ് സൂപ് പീറ്റർ കോസ്റ്റെല്ലോ അറിയിച്ചു. രോഗവ്യാപനം ശക്തമായികൊണ്ടിരിക്കുന്ന ഈ സമയത്ത് പൊതുജനങ്ങളുടെ ഭാഗത്തു നിന്നുള്ള ഇത്തരം നടപടികൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles