ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ കുടിയേറ്റ ബോട്ട് മുങ്ങി നാല് പേർ മരിച്ചു. കെന്റിനും ഫ്രാൻസിനും ഇടയിലുള്ള ചാനലിലെ അതിശൈത്യത്തിൽ തണുത്തുറഞ്ഞ വെള്ളത്തിൽ ഒരു വലിയ തിരച്ചിൽ ബുദ്ധിമുട്ടാണെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 31 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ബിബിസി റിപ്പോർട്ട്‌ ചെയ്തു. ഇന്ന് അതിരാവിലെ ഇംഗ്ലീഷ് ചാനൽ മുറിച്ചുകടന്ന അനധികൃത കുടിയേറ്റ ബോട്ട് തകരാറിലായതിനെ തുടർന്നാണ് ഭാഗികമായി മുങ്ങിയത്.


ഫ്രാൻസിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായിരുന്നു ബോട്ടിൽ. യുകെ കോസ്റ്റ്ഗാർഡ്, ഫ്രഞ്ച് നാവികസേന, എയർ ആംബുലൻസ് എന്നിവയെല്ലാം രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. കെന്റിൽ ഉടനീളം മഞ്ഞുവീഴ്ചയ്ക്കുള്ള യെല്ലോ അലേർട്ട് നിലവിലുണ്ടായിരുന്നു.


ചാനലിൽ കൂടുതൽ മരണങ്ങൾ ഉണ്ടായത് ഹൃദയഭേദകമാണെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. അനധികൃത കുടിയേറ്റം നിർത്താനുള്ള പുതിയ നടപടികൾ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വെള്ളിക്കും ഞായറിനും ഇടയിൽ 460 പേർ ഫ്രാൻസിൽ നിന്ന് കെന്റിലേക്ക് ചെറിയ ബോട്ടുകളിൽ യാത്ര ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.