ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി മാസിന്‍(17) വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാനത്ത്മംഗലം സ്വദേശി മുസമ്മില്‍ ആണ് അറസ്റ്റിലായത്. തോക്കു ചൂണ്ടി ഫോട്ടോയെടുക്കുന്നതിനിടെ മാസിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മാസിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് വെടിയേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ യുവാവിനെ രണ്ട് സുഹൃത്തുക്കള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തിയാണ് മാസിനെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിയപ്പോള്‍ പിന്നിലിരുന്ന യുവാവ് എഴുന്നേല്‍ക്കുമ്പോള്‍ യുവാവ് പിന്നോട്ട് വീഴാന്‍ പോകുന്നതായി ദൃശ്യത്തില്‍ കാണാം.

മാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴുത്തിന്റെ ഒരുവശത്തു വെടിയേറ്റ മാസിന്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച ഈ യുവാക്കള്‍ ഡോക്ടര്‍മാരെയും പൊലീസിനെയും വിവരമറിയിക്കാതെ കടന്നു കളഞ്ഞിരുന്നു. മരിച്ച യുവാവിന്റെ ഇടതുകാലിലെ വിരലുകളില്‍ റോഡിലുരഞ്ഞ മുറിവുണ്ട്. നഗരത്തിനടുത്തു പൂപ്പലം നിരപ്പിലെ ഒഴിഞ്ഞ സ്ഥലത്താണു സംഭവം നടന്നതെന്നും എയര്‍ഗണ്ണില്‍നിന്നുള്ള വെടിയാകാമെന്നും പൊലീസ് കണ്ടെത്തി. മാസിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈ ഭാഗത്ത് എത്തിയതായി പറയുന്നു. തോക്ക് ആരുടേതെന്നു വ്യക്തമല്ല. കോഴിക്കോട്ട് താമസിച്ചുപഠിക്കുന്ന മാസിന്‍ വെള്ളിയാഴ്ചയാണു വീട്ടിലെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് വീട്ടുകാര്‍ അറിയുന്നതു മരണവാര്‍ത്തയാണ്.

[ot-video][/ot-video]