ആലുവ പെരിയാറിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം കണ്ടെത്തിയതിന് അഞ്ച് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പരിശോധന ഫലങ്ങളില്‍ തിരിച്ചറിഞ്ഞത്. 25നും 30നും ഇടയില്‍ പ്രായം കണക്കാക്കുന്ന യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. വായിൽ തുണി തിരുകിയാണ് ശ്വാസം മുട്ടിച്ചത്. മൃതദേഹത്തിൽ മറ്റ് മുറിവുകളോ പരുക്കുകളോ ഇല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മറ്റെവിടെയോ വച്ച് കൊല നടത്തിയതിന് ശേഷം കാറിലോ മറ്റോ കൊണ്ടുവന്ന് മൃതദേഹം പെരിയാറില്‍ ഉപേക്ഷിച്ചതെന്നാണ് നിഗമനം. കൊല്ലപ്പെട്ട യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. എറണാകുളത്തോ സമീപ ജില്ലകളിലോ യുവതികളെ കാണാതായ പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ആലുവ പെരിയാറിൽ മംഗലപുഴ പാലത്തിനടുത്ത് വിൻസെഷൻ സെമിനാരിയുടെ കടവിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടെത്തിയത്. പുതപ്പില്‍ പൊതിഞ്ഞ് കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. ആലുവ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരുന്നതിനിടയിലാണ് പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കൊലപാതകം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Leave a Reply