ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അപകട മരണത്തിന്റെ അന്വേഷണ നടപടിക്രമങ്ങളില്‍ പൊലീസിന് വന്‍ വീഴ്ച. അപകടസമയത്ത് വാഹനം ഒാടിച്ചത് സുഹൃത്ത് വഫയാണന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. ശ്രീറാമിന് ഒപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ് അത് ശരിവയ്ക്കുകയും ചെയ്തു. എന്നാൽ വാഹനമിടിച്ച സമയത്ത് വാഹനം ഒാടിച്ചത് ശ്രീറാം തന്നെയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാര്‍ തന്റെ ഓട്ടോറിക്ഷയെ അതിവേഗത്തില്‍ മറികടന്നുപോയെന്നും ദൃക്സാക്ഷി ഷഫീഖ് പറഞ്ഞു.

അതേസമയം അപകടത്തിന് ശേഷം പൊലീസ് വഫയെ വൈദ്യപരിശോധനയ്ക്ക് വിധേയാക്കിയിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പുലർച്ചെ 12 മണിക്കാണ് അപകടം നടന്നത്. മുഹമ്മദ് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് 100 മീറ്റർ മാറിയെന്ന നിലയിലായിരുന്നു. ഇരുവാഹനങ്ങളുെ ഒരേ ദിശയിൽ വരികയായിരുന്നു.

രക്തപരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമനെ പരിശോധിച്ച ഡോക്ടര്‍  പറ​ഞ്ഞു. ക്രൈം നമ്പര്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍ക്ക് നിര്‍ബന്ധിക്കാനായില്ല. ദേഹപരിശോധന നടത്താന്‍ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും ഡോക്ടര്‍ പറ​ഞ്ഞു.

അതിനിടെ പൊലീസിന്റെ വീഴ്ച മറച്ചുവച്ചുകൊണ്ടാണ് പൊലീസ് കമ്മിഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വാഹനമോടിച്ചത് ആരെന്ന് തിരിച്ചറിഞ്ഞു. ഉടന്‍ പേര് പുറത്തുവിടും. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ എടുത്തിട്ടില്ലെന്നും നിയമം പാലിച്ചുമാത്രമേ രക്തസാംപിള്‍ എടുക്കാന്‍ പറ്റൂവെന്നും കമ്മിഷണര്‍ പറഞ്ഞു. എല്ലായിടത്തും ക്യാമറകള്‍ വയ്ക്കാന്‍ പറ്റില്ല. ഫൊറന്‍സിക് പരിശോധന നടത്തും, ശാസ്ത്രീയ അന്വേഷണത്തിനായി സിസിടിവി പരിശോധിക്കുമെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുടെ സമ്മതമില്ലാതെ രക്തം പരിശോധിക്കാനാവില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.