അബുദാബി∙ വ്യക്തിഗത ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റൊരാളെ ഏൽപിക്കരുതെന്ന് അബുദാബി പൊലീസ്. യുഎഇയിലേക്കു തിരിച്ചുവരാൻ സാധിക്കാത്തവർ അക്കൗണ്ട് സ്വന്തം നിലയ്ക്കു റദാക്കുകയാണു വേണ്ടതെന്നും പറഞ്ഞു. അക്കൗണ്ടിന്റെ നിയന്ത്രണം അപരിചിതരെ ഏൽപിക്കുന്നത് വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും ഓർമിപ്പിച്ചു.

അക്കൗണ്ട് വിവരങ്ങളും രഹസ്യനമ്പറും കൈക്കലാക്കുന്നവർ ഉടമ അറിയാതെ അക്കൗണ്ടിലെ പണം രാജ്യത്തിനകത്തോ പുറത്തോ ഉള്ള മറ്റൊരു അക്കൗണ്ടിലേക്കു മാറ്റും. ചതിയിൽപെട്ട കാര്യം ഉടമ അറിയുമ്പോഴേക്കും അക്കൗണ്ട് ശൂന്യമായിരിക്കും. മാത്രവുമല്ല നിയമലംഘന ഇടപാടുകൾ നടത്തിയതുമായി ബന്ധപ്പെട്ട നിയമനടപടികൾ അക്കൗണ്ട് ഉടമ നേരിടേണ്ടിവരുമെന്നും പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലഹരിമരുന്ന് കച്ചവടത്തിനായി ഇത്തരം അക്കൗണ്ടുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. യഥാർഥ ഉടമ അറിയാതെ ഈ അക്കൗണ്ട് മുഖേന അനധികൃത പണമിടപാട് നടത്തുന്നവരുണ്ട്. ലഹരി ഇടപാടുകാർ ഇത്തരം അക്കൗണ്ടിലൂടെയാണു പണം കൈമാറുന്നത്. നിയമലംഘനം പിടിക്കപ്പെട്ടാൽ ഇടനിലക്കാർ രക്ഷപ്പെടുകയും നിരപരാധിയായ അക്കൗണ്ട് ഉടമ പിടിക്കപ്പെടുകയും ചെയ്യും. അതിനാൽ സ്വന്തം അക്കൗണ്ട് വിവരങ്ങൾ മറ്റാർക്കും കൈമാറാതെ രഹസ്യമായി സൂക്ഷിക്കണമെന്നും ചതിക്കപ്പെട്ടുവെന്നു ബോധ്യപ്പെട്ടാൽ ഉടൻ പരാതിപ്പെടണമെന്നും പൊലീസ് ഓർമിപ്പിച്ചു.