ന്യൂസ് ഡെസ്ക്

യുകെയിലെ പേഴ്സണൽ ടാക്സ് അലവൻസ് 12,500 പൗണ്ടായി ഇന്നു മുതൽ ഉയർത്തി. നിലവിൽ 11,850 പൗണ്ടായിരുന്നു. അതായത് വാർഷിക ശമ്പളത്തിൽ 12,500 പൗണ്ടുവരെയും ടാക്സ് കൊടുക്കേണ്ടതില്ല. അതിനു മുകളിലോട്ടുള്ള ശമ്പളത്തിന് പുതുക്കിയ നിരക്കിലുള്ള ടാക്സ് കൊടുക്കണം. 12,501 പൗണ്ടു മുതൽ 50,000 പൗണ്ടു വരെ വരുമാനമുള്ളവർ 20 ശതമാനം ടാക്സും 50,001 മുതൽ 150,000 പൗണ്ടുവരെ 40 ശതമാനം ടാക്സുമാണ് ഇനി മുതൽ നല്കേണ്ടത്. നേരത്തെ 46,350 പൗണ്ടുമുതൽ 40 ശതമാനം ടാക്സ് നല്കേണ്ടിയിരുന്നത് £50,000 ആയി ഉയർത്തി. ഉദാഹരണത്തിന് നിങ്ങളുടെ വാർഷിക വരുമാനം 56,000 പൗണ്ടാണ് എങ്കിൽ ആദ്യത്തെ 12,500 പൗണ്ട് ടാക്സ് ഫ്രീയാണ്. തുടർന്നുള്ള 37,500 പൗണ്ടിന് 20 ശതമാനം ടാക്സ് കൊടുക്കണം. അതായത് 7,500 പൗണ്ട് 20 ശതമാനം നിരക്കിൽ ടാക്സായി നല്കണം. ബാക്കിയുള്ള 6000 പൗണ്ടിന് 40 ശതമാനം ടാക്സ് നല്കണം. അതായത് 2,400 പൗണ്ട് വീണ്ടും ടാക്സായി എടുക്കും. 56,000 പൗണ്ടിന്റെ വാർഷിക വരുമാനത്തിൽ നിന്ന് മൊത്തം 9,900 പൗണ്ട് ടാക്സ് അടയ്ക്കണം. 150,000 പൗണ്ടിനു മുകളിൽ വരുമാനമുണ്ടെങ്കിൽ 45 ശതമാനം ടാക്സ് നല്കണം.

WhatsApp Image 2024-12-09 at 10.15.48 PM

എന്നാൽ നാഷണൽ ഇൻഷുറൻസ് നിരക്ക് വർദ്ധന കൂടുതൽ പേരെ ബാധിക്കും. 40 ശതമാനം ടാക്സ് ബാൻഡ് പരിധി 50,000 പൗണ്ടായി ഉയർത്തിയതിനാൽ ഈ കാറ്റഗറിയിൽ 12 ശതമാനം നാഷണൽ ഇൻഷുറൻസ് നല്കേണ്ടവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകും. പേഴ്സണൽ ടാക്സ് അലവൻസ് കൂട്ടുന്നതുവഴി ഉണ്ടായ സാമ്പത്തിക നേട്ടത്തിന്റെ ഒരു ഭാഗം നാഷണൽ ഇൻഷുറൻസിന്റെ വർദ്ധന വഴി നഷ്ടപ്പെടും.

നാഷണൽ മിനിമം വേജ് ഒരു മണിക്കൂറിന് 8.21 പൗണ്ടായി ഉയർത്തി. സ്റ്റേറ്റ് പെൻഷൻ നിരക്ക് ആഴ്ചയിൽ 129.20 പൗണ്ടായി ഉയർത്തിയിട്ടുണ്ട്. പെൻഷൻ കോൺട്രിബ്യൂഷൻ നിരക്കുകളും മാറ്റം വരുത്തിയിട്ടുണ്ട്. ഓട്ടോ എൻറോൾമെന്റ് പ്രകാരം ഓരോ ജോലിക്കാരനും മാസം മൂന്നു ശതമാനം കോൺട്രിബ്യൂഷൻ പെൻഷനിലേയ്ക്ക് നല്കിയിരുന്നത് ഇനി മുതൽ അഞ്ച് ശതമാനമാകും.