പാകിസ്താന്‍ മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന ജനറല്‍(റിട്ടയേര്‍ഡ്) പര്‍വേസ് മുഷറഫ് മരണപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കുടുംബം. അദ്ദേഹം മരണപ്പെട്ടന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നാണ് കുടുബവും രാഷ്ട്രീയ പാര്‍ട്ടിയും പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കുടുംബം സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നാഴ്ച്ചയായി മുഷറഫിന്റെ ആരോഗ്യനില തീരെ മോശമാണെന്നാണ് വിവരം. എന്നാല്‍, വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നുള്ള മാധ്യമ വാര്‍ത്തകള്‍ കുടുംബം തള്ളിക്കളയുകയാണ്.

അസുഖത്തിന്റെ സങ്കീര്‍ണതയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ച്ചയായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം വെന്റിലേറ്ററിലല്ല. വീണ്ടെടുക്കല്‍ സാധ്യമല്ലാത്ത വിധം അദ്ദേഹത്തിന്റെ അവയവങ്ങള്‍ തകരാറിലായിരിക്കുന്ന പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്- എന്നാണ് കുടുംബം ട്വീറ്റ് ചെയ്തിരിക്കുന്നത്.

മുഷറഫിന്റെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഓള്‍ പാകിസ്താന്‍ മുസ്ലിം ലീഗും(എപിഎംഎല്‍) തള്ളിക്കളയുകയാണ്. മുഷറഫ് സ്ഥാപിച്ച രാഷ്ട്രീയപ്പാര്‍ട്ടിയാണ് എപിഎംഎല്‍. മൂന്നാഴ്ച്ചത്തെ ആശുപത്രിവാസത്തിനുശേഷം മുഷറിഫിനെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നെന്നും അദ്ദേഹം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും എപിഎംഎല്‍ നേതാക്കള്‍ പറഞ്ഞതായി പാകിസ്താനിലെ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കാര്‍ഗില്‍ യുദ്ധത്തിനു പിന്നാലെ, 1999 ല്‍ അന്നത്തെ നവാസ് ഷെരീഫ് സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി പാകിസ്താന്റെ ഭരണം പിടിച്ചെടുത്ത പര്‍വേസ് മുഷറഫ് 2001 മുതല്‍ 2008 വരെ പാകിസ്താന്‍ രാഷ്ട്രതലവനായിരുന്നു. അധികാരത്തില്‍ നിന്നും പുറത്തായതിനു പിന്നാലെ, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണം നേരിടേണ്ടി വന്നതോടെ പാകിസ്താന്‍ വിട്ട് ദുബായിലേക്ക് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ദുബായിലാണ് മുഷറഫ് കുടുംബമായി ജീവിക്കുന്നത്.