മാര്‍ത്തോമ്മാ വലിയമെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കാലംചെയ്തു. 104 വയസ്സായിരുന്നു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.15-നായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് മെത്രാപ്പൊലീത്തായെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പിറ്റേന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായെങ്കിലും മൂത്രത്തിലെ അണുബാധയും മറ്റ് അസ്വസ്ഥതകളുമുള്ളതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ, വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. രാത്രിയോടെ സ്ഥിതി മോശമാകുകയായിരുന്നു.

എട്ടുവര്‍ഷത്തോളം സഭാധ്യക്ഷനായിരുന്നു. 2018-ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചു. നര്‍മത്തില്‍ ചാലിച്ച പ്രഭാഷണങ്ങളിലൂടെയാണ് വലിയമെത്രാപ്പൊലീത്താ കേഴ്വിക്കാരുടെ പ്രിയപ്പെട്ട വലിയ തിരുമേനിയായത്.

മാരാമണ്‍ കണ്‍വെന്‍ഷനിലും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മികപ്രഭാഷകന്‍കൂടിയായിരുന്നു അദ്ദേഹം.

മാര്‍ത്തോമ്മാ സഭയിലെ പ്രമുഖ വൈദികനും വികാരിജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ.ഉമ്മന്റെയും കളക്കാട് നടക്കേവീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഏപ്രില്‍ 27-ന് ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നുപേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായുള്ള സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. െബംഗളൂരൂ, കാന്റര്‍ബെറി എന്നിവിടങ്ങളില്‍നിന്നായി വേദശാസ്ത്രവും പഠിച്ചു. 1940 സെപ്റ്റംബര്‍ ജൂണ്‍ മൂന്നിന് ഇരവിപേരൂര്‍ പള്ളിയില്‍ വികാരിയായാണ് ദൈവശുശ്രൂഷയുടെ ഔദ്യോഗികതുടക്കം.

1999 ഒക്ടോബര്‍ 23-ന് മെത്രാപ്പൊലീത്തായായി. 2007 ഓഗസ്റ്റ് 28-ന് സ്ഥാനത്യാഗത്തിനുശേഷം മാരാമണ്ണിലെ ജൂബിലി മന്ദിരത്തില്‍ കഴിഞ്ഞിരുന്ന ക്രിസോസ്റ്റത്തെ പിന്നീട് ശാരീരിക അവശതകളെത്തുടര്‍ന്ന് വിശ്രമജീവിതത്തിനായി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. നര്‍മമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലര്‍ത്തി എല്ലായ്‌പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ ആണ് നമുക്ക് നഷ്ടമായതതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ അനുശോചിക്കുന്നു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്.

വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നല്‍കുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്.പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂര്‍വ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയെടുത്തു. 100 വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയുക എന്നത് അത്യപൂര്‍വമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്. അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവര്‍ക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. നര്‍മമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലര്‍ത്തി എല്ലായ്‌പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ ആണ് നമുക്ക് നഷ്ടമായത്.