മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പികെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 96 വയസായിരുന്നു. വൈകീട്ട് ആറോടെ കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്നു. ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുഞ്ഞനന്തന്‍ നായര്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

1935 ല്‍ കല്യാശേരിയില്‍ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യ സെക്രട്ടറിയായി. 1939 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1940 ലെ മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞു. 1943 ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രതിനിധിയായി. മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു.

1945- 46 കാലഘട്ടത്തില്‍ ബോംബയില്‍ രഹസ്യ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. 1948ല്‍ കൊല്‍ക്കത്തയിലും 1953 മുതല്‍ 58 വരെ ഡല്‍ഹി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവര്‍ത്തിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മിനൊപ്പം നിന്നു. 57 ല്‍ ഇഎംഎസ് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോള്‍ പ്രൈവറ്റ് സെക്രട്ടറി ആയി. 1958ല്‍ റഷ്യയില്‍ പോയി പാര്‍ട്ടി സ്‌കൂളില്‍ നിന്ന് മാര്‍ക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു.

1959 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസില്‍ പങ്കെടുത്തു. 1965 ല്‍ ബ്ലിറ്റ് സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവന്‍, ജനയുഗം പത്രങ്ങളില്‍ എഴുതി. ബര്‍ലിനില്‍ നിന്ന് കുഞ്ഞനന്തന്‍ നായര്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയതോടെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരായി.

സിഐഎയുടെ രഹസ്യ പദ്ധതികള്‍ വെളിപ്പെടുത്തുന്ന പിശാചും അവന്റെ ചാട്ടുളിയും പുസ്തകം എഴുതിയതോടെ പ്രശ്സതനായി. ബര്‍ലിന്‍ മതില്‍ തകര്‍ന്നതോടെ നാട്ടിലേക്ക് മടങ്ങി. പൊളിച്ചെഴുത്ത് എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. 79ാം വയസില്‍ സിപിഐഎമില്‍ നിന്ന് പുറത്താക്കപ്പെട്ടു.

കോളങ്കട അനന്തന്‍ നായരുടെയും ശ്രീദേവിയമ്മയുടെയും മകനായി 1926 നവംബര്‍ 26 ന് നാറാത്താണ് ജനനം. ഭാര്യ: സരസ്വതിയമ്മ. മകള്‍ : ഉഷ (ബര്‍ലിന്‍). മരുമകന്‍: ബര്‍ണര്‍ റിസ്റ്റര്‍. സഹോദരങ്ങള്‍: മീനാക്ഷി, ജാനകി, കാര്‍ത്യായനി.