മെക്‌സിക്കോ സിറ്റി: റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസ് പകര്‍ത്തിയ ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നു. അമേരിക്കയിലേയ്ക്ക് കടക്കാനെത്തിയ ഗ്വാട്ടിമാല സ്വദേശിനിയായ യുവതിയെയും അവളുടെ ആറു വയസ്സുകാരനായ മകനെയും  അതിര്‍ത്തിയില്‍ മെക്‌സിക്കന്‍ സുരക്ഷാഭടന്‍ തടയുന്ന ചിത്രമാണ് ഇത്. അഭയാര്‍ഥിത്വത്തിന്റെ നിസ്സഹായതയും വേദനയും വിളിച്ചുപറയുന്ന ഹൃദയസ്പര്‍ശിയായ ചിത്രം.

ലെറ്റി പെരെസും അവരുടെ മകന്‍ ആന്തണി ഡയസും 2400ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഗ്വാട്ടിമാലയില്‍നിന്ന് അമേരിക്കന്‍ അതിര്‍ത്തി പട്ടണമായ സ്യുഡാഡ് ജുവാരസിലെത്തിയത്. എന്നാല്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേന അവരെ തടയുകയായിരുന്നു. സഞ്ചരിച്ച ദൂരത്തിന്റെ എല്ലാ പരിക്ഷീണതയും അവരിലുണ്ടായിരുന്നു. അതിര്‍ത്തി കടന്ന് അമേരിക്കയിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ സൈനികനോട് കേണപേക്ഷിക്കുന്ന ദൃശ്യമാണ് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്.

തോക്കേന്തി നില്‍ക്കുന്ന സൈനികനെയും നിലത്തിരുന്ന് ഒരു കൈകൊണ്ട് മകനെ ചേര്‍ത്തു പിടിച്ച് മറു കൈകൊണ്ട് മുഖംപൊത്തി കരയുന്ന യുവതിയെയും ചിത്രത്തില്‍ കാണാം. മകന്റെ ഭാവിയെക്കരുതിയാണ് അമേരിക്കയിലേയ്ക്ക് കടക്കാന്‍ അവള്‍ ശ്രമിക്കുന്നത്. അതിനായി ആ സൈനികന്റെ കാലുപിടിക്കാന്‍ അവള്‍ തയ്യാറായിരുന്നു. എന്നാല്‍ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നും സൈനികന്‍ നിലപാടെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘അഭയാര്‍ഥികളായ മനുഷ്യരുടെ എല്ലാ ദൈന്യതകളും അവളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു. എല്ലാവരും ചോദിക്കുന്നത് എന്തിനാണ് ഇവര്‍ അമേരിക്കയിലേയ്ക്ക് വരുന്നതെന്നാണ്. അവര്‍ക്ക് അവരുടെ രാജ്യത്തുതന്നെ ജീവിച്ചാല്‍ പോരേയെന്നും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്നുമാണ്. പക്ഷേ, ഓരോ അഭയാര്‍ഥിക്കും ദുരിതങ്ങളുടെ നിരവധി കഥകളുണ്ട്’- ഫോട്ടോഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലസ് പറയുന്നു.

ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കാരഗ്വ തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് യുഎസിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതില്‍ മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ചിത്രം. സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചിത്രം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. മനുഷ്യത്വരഹിതമായ നിലപാടാണ് മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം അതിര്‍ത്തിയില്‍ സ്വീകരിക്കുന്നതെന്നുള്ള വിമര്‍ശനവും ഈ ചിത്രം ഉയര്‍ത്തിവിട്ടിട്ടുണ്ട്.

നേരത്തെ രാജ്യത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും നിയന്ത്രിക്കാന്‍ രൂപം നല്‍കിയതാണ് മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം. എന്നാല്‍ ഇപ്പോള്‍ ഈ അര്‍ധ സൈനിക വിഭാഗം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ തടയുന്നതിനാണന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കുന്നതിനാണിതെന്നുമാണ് വിമര്‍ശനമുയരുന്നത്.