ഷിബു മാത്യൂ

സ്നേഹപുഷ്പങ്ങൾ വിരിയും നിൻ ഹൃദയത്തിൽ ആദ്യാനുരാഗത്തിൻ ഹിന്ദോളം കേട്ടു ഞാൻ… പ്രശസ്ത ഗാന രചയിതാവ് റോയി പഞ്ഞിക്കാരൻ്റെ വരികളാണിത്. ഈ വരികൾ അന്വർത്ഥമാകുന്ന പ്രണയരംഗങ്ങളിൽ യോർക്ഷയർ മലയാളികളെടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത്.

മഞ്ഞണിഞ്ഞ മാമലകളും അവയ്ക്ക് ചുറ്റും പൊന്നരഞ്ഞാണമിട്ടൊഴുകുന്ന കൊച്ചു കൊച്ചരുവികളും പച്ചപരവതാനി വിരിച്ച താഴ് വാരങ്ങളും കൊണ്ട് സമൃദ്ധമാണ് യോർക്ഷയർ. അതുകൊണ്ടാവണം യൂറോപ്പിൻ്റെ സൗന്ദര്യമെന്ന് യോർക്ഷയറിനെ വിശേഷിപ്പിക്കുന്നത്.

യോർക്ഷയറിൽ പ്രസിദ്ധവും എന്നാൽ ബ്രിട്ടൻ്റെ ഭൂപടത്തിൽ വളരെ ചെറുതുമായ ഗ്രാമമാണ് കീത്തിലി. ജനസാന്ദ്രത കൊണ്ട് ഏഷ്യൻ വംശജരാണ് അധികവും. ഇക്കൂട്ടത്തിൽ മുന്നൂറോളം മലയാളി കുടുംബങ്ങളും ഉണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. കീത്തിലിയുടെ ചരിത്രമുറങ്ങുന്ന ക്ലിഫ് കാസിൽ പാർക്കിലെ പൂത്ത മരങ്ങളാണ് ചിത്രങ്ങളുടെ പശ്ചാത്തലം. ചെറി ബ്ലസം എന്ന വിഭാഗത്തിൽപ്പെട്ട (cherry blossom) പൂക്കളാണിത്. പച്ച പരവതാനി വിരിച്ച പത്തേക്കറോളം വലുപ്പം വരുന്ന മൈതാനത്തിൻ്റെ, വഴിയോട് ചേർന്ന് വരുന്ന ഭാഗത്ത് നൂറ് മീറ്ററോളം ദൂരത്തിൽ തഴച്ചുവളരുന്ന മരങ്ങൾ ഏപ്രിൽ അവസാനത്തോടെ പൂത്ത് തുടങ്ങും. മഴ പെയ്തില്ലെങ്കിൽ മൂന്നാഴ്ച്ചക്കാലത്തോളം പൂക്കൾ അതേപടി നിൽക്കും. മഴ പെയ്താൽ അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പൂക്കൾ കൊഴിയാൻ തുടങ്ങും. ഇലകളും ചില്ലകളും കാണാത്ത രീതിയിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ, സൂര്യപ്രഭയിൽ ഇളകിയാടുന്നത് കാണുമ്പോൾ ആരുടെയും മനം കുളിർക്കും. വഴിയോട് വളരെ ചേർന്ന് നിൽക്കുന്നതുകൊണ്ട് അതുവഴി സഞ്ചരിക്കുന്നവരുടെ കണ്ണുകളും ഒരു നിമിഷം അവിടേയ്ക്ക് തിരിയും. വാഹനങ്ങൾ അടുത്തെവിടെയെങ്കിലും പാർക്ക് ചെയ്ത് നിരവധിയാളുകളാണ് പൂക്കൾക്കിടയിലൂടെ നടക്കാനെത്തുന്നത്. അവധി ദിവസങ്ങളിൽ കുട്ടികളുമായി ഉല്ലാസത്തിനെത്തുന്നവരും ധാരാളം. ഫോട്ടോഗ്രാഫിയാണ് ഈ മൈതാനത്ത് നടക്കുന്ന ആസ്വാദനത്തിൽ പ്രധാനം. വലിയ മരങ്ങളാണെങ്കിലും കൈയ്യെത്തും ദൂരത്താണ് പൂക്കൾ നിൽക്കുന്നത്. ഫോട്ടോഗ്രാഫിക്ക് പറ്റിയ ലൊക്കേഷനാണ്. അതു കൊണ്ട് തന്നെ കീത്തിലിയിലെ പൂക്കൾ കൊണ്ട് സോഷ്യൽ മീഡിയ നിറയും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൂക്കൾക്ക് നടുവിൽ ചിത്രങ്ങളെടുക്കാനെത്തുന്നവരിൽ ഭൂരിഭാഗവും യുവമിഥുനങ്ങളാണ്.
മലയാളികളുൾപ്പെടെ നൂറ് കണക്കിന് യുവമിഥുനങ്ങളാണ് ചിത്രങ്ങളെടുക്കാൻ ക്ലിഫ് കാസിൽ പാർക്കിൽ ഇക്കുറിയെത്തിയത്. പ്രണയിച്ചവരും പ്രണയിച്ച് കൊതിതീരാത്ത വരും പ്രണയിച്ച് തുടങ്ങിയവരുമൊക്കെ ബോളിവുഡ് സിനിമയെ വെല്ലുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ക്യാമറയിൽ പകർത്തിയത്. പ്രണയരംഗം ക്യാമറയിൽ പകർത്തുമ്പോൾ ഫ്രെയിമിലേയ്ക്ക് ഓടിക്കയറുന്ന സ്വന്തം കുട്ടികൾ പലർക്കുമൊരു തടസ്സമായിരുന്നു. പ്രണയരംഗങ്ങൾ പകർത്താൻ ആളില്ലാതെ വിഷമിക്കുന്ന യുവമിഥുനങ്ങളേയും കാണുവാൻ സാധിച്ചു. രണ്ട് കിലോ അരി വാങ്ങി വരാൻ പറഞ്ഞാൽ ഭാരക്കൂടുതലാണ് എന്ന് പറഞ്ഞൊഴിഞ്ഞ പലരും സ്വന്തം പ്രിയതമയെ പുഷ്പം പോലെ എടുത്തു പൊക്കി നൃത്തം ചെയ്യുന്നതും പാർക്കിനുള്ളിലെ രസകരമായ കാഴ്ചകളിൽ ചിലതാണ്.

വേനൽമഴ പെയ്തു തുടങ്ങി പൂക്കൾ കൊഴിഞ്ഞും തുടങ്ങി. പൂക്കൾക്കുള്ളിലെ പ്രണയം കാണാൻ ഇനി ഒരു വർഷം കാത്തിരിക്കണം.

സ്നേഹ പുഷ്പങ്ങൾ വിരിയും നിൻ ഹൃദയത്തിൽ ആദ്യാനുരാഗത്തിൻ ഹിന്ദോളം കേട്ടു ഞാൻ..