ലാവിലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കി.   കേസില്‍ പിണറായിയെ തെരഞ്ഞുപിടിച്ച് സിബിഐ ബലിയാടാക്കിയെന്നും കോടതി പറഞ്ഞു . കേസില്‍ കെഎസ്ഇബി ചെയർമാനും ഉദ്യോഗസ്ഥരും മാത്രമാണ് ഉത്തരവാദികളെന്നും 102 പേജുള്ള വിധിപ്രസ്താവത്തില്‍ ജസ്റ്റിസ് ഉബൈദ് പറഞ്ഞു.

പിണറായി അടക്കം മൂന്നു പ്രതികൾ വിചാരണ നേരിടേണ്ട . എന്നാല്‍ 2 മുതൽ 4 വരെയുള്ള പ്രതികൾ വിചാരണ നേരിടണം . പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായ കേസില്‍ തുറന്ന കോടതിയിലാണ് വിധി പ്രസ്താവിച്ചത്. 102 പേജുള്ള വിധിയാണ് ജസ്റ്രിസ് പി. ഉബൈദിന്റെ ബെഞ്ച് പ്രഖ്യാപിച്ചത്. പാർട്ടി നിലപാട് കോടതി ശരിവച്ചെന്ന് സിപിഎം കേന്ദ്രനേതൃത്വം പറഞ്ഞു.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനായി ഹൈക്കോടതിയില്‍ ഹാജരായത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്‍ ലാവ്ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം.  യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.