ആഫ്രിക്കയിൽ രണ്ട് മലയാളികളടക്കം 10 കപ്പൽ ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കാസർകോട് കോട്ടിക്കുളം ഗോപാൽപേട്ടയിലെ രജീന്ദ്രൻ ഭാർഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ചുപേരും മൂന്ന് വിദേശികളുമടക്കം 10 കപ്പൽജീവനക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. രജീന്ദ്രൻ ഇപ്പോൾ പനയാൽ അമ്പങ്ങാട്ടാണ് താമസം.
ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പോയ ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്. 18 ജീവനക്കാരിൽ 10 പേരെ തട്ടിക്കൊണ്ടുപോയശേഷം കപ്പൽ ഒഴിവാക്കിയെന്നാണ് വിവരം. മാർച്ച് 17-ന് രാത്രി 11.30-നുശേഷം രജീന്ദ്രനെ ബന്ധപ്പെടാൻ വീട്ടുകാർക്കായിട്ടില്ല.
പാനമ രജിസ്ട്രേഷനുള്ള ‘വിറ്റൂ റിവർ’ കമ്പനിയുടെതാണ് കപ്പൽ. മുംബൈ ആസ്ഥാനമായ ‘മെരി ടെക് ടാങ്കർ’ മാനേജ് മെൻറാണ് ചരക്ക് കടത്തലിന് ഉപയോഗിക്കുന്നത്. വിറ്റൂ റിവർ കമ്പനി 18-ന് രജീന്ദ്രന്റെ ഭാര്യയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചതായി രജീന്ദ്രന്റെ ബന്ധു കെ.വി. ശരത്ത് പറഞ്ഞു.
കപ്പലിൽ അവശേഷിക്കുന്ന ജീവനക്കാരുമായി കമ്പനി അധികൃതർ സംസാരിക്കുന്നുണ്ടെങ്കിലും തട്ടിക്കൊണ്ടുപോയവരെ ബന്ധപ്പെടാൻ കഴിയാത്തത് വീട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ചോ മോചനദ്രവ്യത്തെക്കുറിച്ചോ കപ്പൽ കമ്പനി വീട്ടുകാർക്ക് വിവരം വിവരം കൈമാറിയിട്ടില്ല.
Leave a Reply