പാലായില്‍ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് പിജെ ജോസഫ്. നിഷ ജോസ് കെ മണിയെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചാലും പിന്തുണക്കും. ജോസ് കെ മാണി പാര്‍ട്ടിക്ക് ബാധ്യതയാണെന്നും കേരള കോണ്‍ഗ്രസ്സ് സ്റ്റിയറിങ് കമ്മറ്റി യോഗത്തിന് ശേഷം പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ജോസ് കെ മാണി വിഭാഗത്തിലെ 25 നേതാക്കളെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെയും, പാല നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായും ചേര്‍ന്ന യോഗത്തിനു ശേഷമാണ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ പ്രതികരണം. യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിക്ക് പാലായില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം.
എന്നാല്‍ പാര്‍ട്ടി ചിഹ്നം ആര്‍ക്കു നല്‍കണം എന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്ക് മാത്രമാണെന്നും യോഗത്തിനു ശേഷം പി.ജെ ജോസഫ് പറഞ്ഞു. ചട്ടങ്ങള്‍ പാലിച്ചാണ് ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നതെന്നും, യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്തുവെന്നും ജോസഫ് അവകാശപെട്ടു. കെ.എം മാണിയുടെ മരണശേഷം പാര്‍ട്ടി കാര്യങ്ങള്‍ ജോസ് കെ മാണി പക്വതയോടെ കൈകാര്യം ചെയ്തില്ലെന്നും പി.ജെ ജോസഫ് കൂട്ടിചേര്‍ത്തു.
ഇരു വിഭാഗം നേതാക്കളും തുറന്ന പോര് തുടരവേ, സമവായ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന പി ജെ ജോസഫിന്റെ പ്രസ്ഥാവന യുഡിഎഫ് നേതൃത്വത്തിനു ആശ്വാസമാണ്. അതേസമയം, സ്ഥാനാര്‍ഥിയായി മാണി കുടുംബത്തില്‍ നിന്നൊരാളുടെ പേര് വീണ്ടും ചര്‍ച്ചയാകുന്നത്, ജോസ് കെ മാണി വിഭാഗം നേതാക്കളിള്‍ അഭിപ്രായ വ്യത്യാങ്ങള്‍ക്കിടയാക്കുമെന്ന വിലയിരുത്തലുമുണ്ട്.
Leave a Reply