ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ദന്ത ഡോക്ടർമാരുടെ സേവനം ആവശ്യക്കാരിലേയ്ക്ക് എത്തിക്കുന്നതിനുള്ള സർക്കാർ നടപടികൾ സമ്പൂർണ്ണ പരാജയമാണെന്ന വിമർശനം പുറത്തുവന്നു. സർക്കാരിൻറെ പല നടപടികളും പ്രതിസന്ധി കൂടുതൽ വഷളാക്കാൻ കാരണമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴും ദശലക്ഷക്കണക്കിന് രോഗികൾക്ക് ആണ് ദന്തപരിചരണം നിഷേധിക്കുന്നത്. എൻ എച്ച് എസിൽ മതിയായ ചികിത്സ ലഭിക്കാത്ത സാഹചര്യത്തിൽ പലരും സ്വകാര്യമേഖലയിൽ ചികിത്സ തേടുന്നതിന് നിർബന്ധിതരാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ആണ് കടുത്ത വിമർശനങ്ങൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ടത്.
ദന്ത ചികിത്സ രംഗത്ത് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കഴിഞ്ഞ കൺസർവേറ്റീവ് സർക്കാരിന്റെ കാലത്ത് പുതിയ പദ്ധതികൾ ആരംഭിച്ചിരുന്നു. 1.5 ദശലക്ഷത്തിലധികം അധിക എൻഎച്ച്എസ് ചികിത്സകൾ അല്ലെങ്കിൽ 2.5 ദശലക്ഷം അപ്പോയിൻമെന്റുകൾക്ക് ധനസഹായം നൽകാനുള്ള നടപടികൾ ആണ് സർക്കാർ തലത്തിൽ തുടക്കമിട്ടത് . ഇതിൻറെ ഭാഗമായി അധികമായി ജോലി ചെയ്യുന്ന ദന്ത ഡോക്ടർമാർക്ക് 20,000 പൗണ്ട് ഇൻസെന്റീവ് ലഭിക്കുന്ന സ്കീം സർക്കാർ അവതരിപ്പിച്ചിരുന്നു. ന്യൂ പ്രീമിയം പേഷ്യന്റ് (NPP ) എന്നപേരിൽ അവതരിപ്പിച്ച ഈ പദ്ധതിയിൽ ഓരോ പുതിയ രോഗികളെയും ഡോക്ടർമാർ ചികിത്സിക്കുമ്പോൾ അവർക്ക് ക്രെഡിറ്റ് ലഭിക്കുന്ന സംവിധാനവും ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ചതിനുശേഷം കുറഞ്ഞത് 88 മില്യൺ പൗണ്ട് ചിലവായ NPP, പ്രതിസന്ധി കൂടുതൽ വഷളാകാൻ കാരണമായതായും, എൻഎച്ച്എസ് ദന്തഡോക്ടറെ കാണുന്ന പുതിയ രോഗികളിൽ 3% കുറവ് വന്നതായും ആണ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത് . കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മൊബൈൽ ഡെന്റൽ വാനുകൾ പൂർണ്ണമായും നിന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസിൽ ലഭിക്കുന്ന കുറഞ്ഞ വേതനം മൂലം പല ദന്തഡോക്ടർമാരും സ്വകാര്യമേഖലയിൽ ജോലി സ്വീകരിക്കുന്നതിന് കാരണമായതായി PAC ചൂണ്ടികാണിക്കുന്നു. ശരിയായ വേതനം ലഭിച്ചില്ലെങ്കിൽ കൂടുതൽ ഡോക്ടർമാർ സ്വകാര്യ മേഖലയിലേയ്ക്ക് ചുവടു മാറാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂലൈ 4 – ന് പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സർക്കാർ ഒരു തകർന്ന ആരോഗ്യ പരിപാലന മേഖലയെ ആണ് ലഭിച്ചതെന്നും അത് പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഡിപ്പാർട്ട്മെൻറ് പറഞ്ഞു.
Leave a Reply