ലോകത്തിലെ തന്നെ മികച്ച കാർ കമ്പനികളിൽ ഒന്നായഫോർഡ് വെയിൽസിലെ ബ്രിജൻഡ് പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങുന്നു.പുറത്തുവന്നിരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പ്ലാന്റ് ഇന്ന് പൂട്ടാനാണ് സാധ്യത. ഇതുമൂലം 1700 ഓളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. ബ്രിട്ടനിലെ രണ്ടു സ്ഥലങ്ങളിലായി ഏകദേശം 1.3 മില്യൺ എൻജിനുകളാണ് ഫോർഡ് നിർമ്മിക്കുന്നത്. ഒന്ന് ബ്രിഡ്ജിലും മറ്റൊന്ന് ടാഗൻഹാമിലും. ഇതിലൊന്നാണ് അടച്ചുപൂട്ടലിന് വക്കിലെത്തി നിൽക്കുന്നത്. ഈ വിവരം ഫോർഡ് കമ്പനി തന്നെ ഇന്ന് പുറത്തുവിടുമെന്നാണ് കരുതുന്നത്. പല യൂണിയൻ നേതാക്കളുമായി ഫോർഡ് ഇന്ന് മീറ്റിംഗ് നടത്തുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏകദേശം ഏഴായിരത്തോളം പേരുടെ ജോലി നഷ്ടപ്പെടുമെന്ന് കഴിഞ്ഞ മാസം തന്നെ ഫോർഡ് അറിയിച്ചിരുന്നു. ജർമനിയിലെ കമ്പനിയിൽനിന്ന് 5000ത്തോളം ആളുകളെയാണ് പിരിച്ചുവിട്ടത്. തുടർന്നാണ് ഫോർഡിന്റെ ഈ നീക്കം. പിരിച്ചുവിടലിന്റെ കാരണം ബ്രെക്സിറ്റ് തന്നെയാണെന്നാണ് വിലയിരുത്തൽ.ഫോർഡിന്റെ ഈ തീരുമാനം ലോകമെമ്പാടുമുള്ള ഫോർഡ് കാർ നിർമാണത്തിന് ഒരു തിരിച്ചടിയാകും. ബ്രിജൻഡിൽ നിർമ്മിക്കുന്ന എൻജിൻ മറ്റു പല രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്.ഇത് ഇല്ലാതാകുമ്പോൾ കാർ നിർമ്മാണവും മന്ദഗതിയിലാവും. ഒപ്പം ജാഗ്വാർ, ലാൻഡ്റോവർ എന്നീ കമ്പനികളുടെ തിരിച്ചുവരവും ഫോർഡിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ജാപ്പനീസ് കാർ ഭീമന്മാരായ ഹോണ്ട സ്വിൻഡനിലെ പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. കൂടാതെ നിസാൻ കമ്പനിയും അവരുടെ പല മോഡലുകളും ബ്രിട്ടനിൽ പുറത്തിറക്കില്ല എന്ന തീരുമാനത്തിലാണ്. ഇതൊക്കെയും ബ്രിട്ടനിലെ കാർ വ്യവസായത്തിന് വൻ നഷ്ടമാണ് സമ്മാനിക്കുന്നത്.പുനർരൂപീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ തൊഴിൽ നഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതുവഴി ഒരു നിശ്ചിത തുക ഫോർഡ് ലാഭം ഉണ്ടാക്കുന്നുണ്ട്. 2016ൽ ബ്രിജൻഡിലെ പ്ലാൻറ്റിനായി 181 മില്യൺ പൗണ്ട് നൽകാൻ തയ്യാറായെങ്കിലും പിന്നീട് അത് 100 മില്ല്യൻ പൗണ്ട് ആയിട്ട് കുറച്ചു. ബ്രിട്ടനിൽ കാർ കമ്പനി അടച്ചു പൂട്ടുന്നത് പുത്തൻ കാര്യമില്ല. 2013ൽ സതാംപ്ടണിൽ ഇതേ കാര്യം സംഭവിച്ചിട്ടുണ്ട്.
ബ്രിജൻഡിലെ പ്ലാന്റ്, എൻജിൻ നിർമ്മാണത്തിൽ വളരെ മുന്നിട്ടു നിന്നിരുന്നു. പ്രധാനമായും ഫോർഡ്, ജാഗ്വാർ, ലാൻഡ്റോവർ എന്നിവയ്ക്കുള്ള എൻജിനുകളാണ് നിർമ്മിച്ചു കൊണ്ടിരുന്നത്. എന്നാൽ ഫോർഡിന്റെ ഈ തീരുമാനം കാർ വ്യവസായത്തെ വളർച്ചയ്ക്ക് തിരിച്ചടി തന്നെയാണ്. “ഇന്ന് ഫോർഡുമായിട്ട് ഒരു മീറ്റിംഗ് ആവശ്യപ്പെട്ടിട്ടുണ്ട് . കമ്പനി പൂട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല, കമ്പനി അടച്ചുപൂട്ടിയാൽ ഇത് അവിടുത്തെ തൊഴിലാളികളെ ദുരിതത്തിലേക്ക് നയിക്കും.” ബ്രിട്ടനിലെ ട്രേഡ് യൂണിയനായ ജി എം ബിയിലെ ഓർഗനൈസർ ജെഫ് ബെക്ക് ഇപ്രകാരം അഭിപ്രായപ്പെട്ടു. ഇത് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശങ്ക ഉളവാക്കുന്നതാണെന്നും കൂടാതെ ബ്രിട്ടണിലെ സമ്പദ് വ്യവസ്ഥയെ ഇത് ബാധിക്കുമെന്നും അതിനാൽ ഗവൺമെന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംപി ആയ റെബേക്ക ലോങ്ങ് ബെയ്ലി അറിയിച്ചു. 42 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബ്രിജൻഡിലെ പ്ലാന്റ് നിർത്തലാകുന്നത് ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥ താറുമാറാക്കും. ഒപ്പം ഇത് മൂലം തൊഴിൽ പ്രശ്നങ്ങൾ രൂപപ്പെടുമെന്നും ആണ് വിലയിരുത്തൽ.
Leave a Reply