ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ഇന്ന് ചുമതലയേൽക്കും. മുൻ പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെ രാജിക്കുശേഷം രാജാവ് ചാൾസ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ബേൺഹാമിന് സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിക്കുക. കഴിഞ്ഞ വെള്ളിയാഴ്ച ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ബേൺഹാം ബ്രിട്ടന്റെ കഴിഞ്ഞ പത്ത് വർഷത്തിനിടെ അധികാരത്തിലെത്തുന്ന ഏഴാമത്തെ പ്രധാനമന്ത്രിയാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മുൻ മേയറായ ബേൺഹാം, രാജ്യത്തെ “പുനർനിർമിക്കുമെന്നും” അധികാരം ലണ്ടനിൽ മാത്രം കേന്ദ്രീകരിക്കുന്ന രീതിക്ക് മാറ്റം വരുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവിതച്ചെലവ് പ്രതിസന്ധി, പൊതുസേവനങ്ങളിലെ പ്രശ്നങ്ങൾ, സാമ്പത്തിക വളർച്ചയിലെ മന്ദഗതി എന്നിവ പരിഹരിക്കുന്നതിനാണ് തന്റെ സർക്കാർ മുൻഗണന നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ മേഖലകൾക്ക് കൂടുതൽ അധികാരം നൽകുന്ന ഭരണപരിഷ്കാരങ്ങളും നടപ്പാക്കുമെന്ന് ബേൺഹാം വാഗ്ദാനം ചെയ്തിട്ടുണ്ട്.

പുതിയ മന്ത്രിസഭയിലെ പ്രധാന നിയമനങ്ങളിലേക്കാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ. ഡിജിറ്റൽ ഐഡി പദ്ധതി ഉപേക്ഷിക്കുമെന്നും സാധാരണ കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന ജീവിതച്ചെലവ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലായിരിക്കും ആദ്യഘട്ട ശ്രദ്ധയെന്നും ബേൺഹാമിന്റെ അനുയായികൾ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനങ്ങൾ ബ്രിട്ടന്റെ രാഷ്ട്രീയ – സാമ്പത്തിക ദിശ നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.