ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : “ഇനി എത്ര നാൾ കൂടി ബാക്കിയുണ്ടെന്ന് അറിയില്ല.” – ജീവിതത്തിൽ ഒരിക്കലും എഴുതരുതെന്ന് ആഗ്രഹിച്ച കുറിപ്പ് എഴുതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമ്പോൾ ഡെബോറ ജെയിംസ് അനുഭവിച്ചത് ഹൃദയം തകരുന്ന വേദനയാകും. അഞ്ചു വർഷമായി ബോവല്‍ കാന്‍സറിനോട് പടപൊരുതിയ ബി ബി സി പോഡ്കാസ്റ്റ് അവതാരക ഡെബോറ (40) കുടുംബത്തോടൊപ്പം ഹോസ്പീസ് കെയറിലേക്ക് മാറിക്കഴിഞ്ഞു. 2016 ലാണ് രോഗനിർണയം നടത്തിയത്. അഞ്ചു വർഷങ്ങൾ കൂടി ജീവിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതി. ചികിത്സകള്‍ എല്ലാം അവസാനിപ്പിച്ച് ഇനിയുള്ള നിമിഷങ്ങള്‍ തന്റെ മക്കളുടെയും ഭര്‍ത്താവ് സെബാസ്റ്റ്യന്റെയും കൂടി സന്തോഷത്തെ കഴിയാൻ വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഡെബോറ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജായ @bowelbabe ൽ ആണ് ഹൃദയഭേദകമായ കുറിപ്പ് ഡെബോറ പങ്കുവച്ചത്.
“എല്ലാം ചെയ്തു കഴിഞ്ഞു. ഇനിയും എത്ര നാൾ ബാക്കിയുണ്ടെന്ന് അറിയില്ല. നടക്കാൻ കഴിയുന്നില്ല. ദിവസത്തിൽ കൂടുതൽ സമയവും ഞാൻ ഉറങ്ങുകയാണ് – സ്വപ്നങ്ങൾ കണ്ടുകൊണ്ട്.” കുറിപ്പിൽ പറയുന്നു. ഇനിയും ഇതേ അവസ്ഥയിൽ തുടരാൻ കഴിയില്ലെന്നും ഡെബോറ കൂട്ടിച്ചേർത്തു. ബോവല്‍ ബേബി ഫണ്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നൽകുന്നതിനായി ഫണ്ട് സമാഹരിക്കുകയാണ് ഡെബോറയിപ്പോൾ.
ക്യാൻസർ റിസർച്ച് ഫണ്ടിലേക്ക് £1 മില്യണിലധികം സംഭാവന ലഭിച്ചുവെന്ന് ഡെബോറ സന്തോഷത്തോടെ പറഞ്ഞു. കുറിപ്പ് പോസ്റ്റ് ചെയ്തതിന് ശേഷം നിരവധി പേരാണ് സംഭാവന നൽകിയത്. ബോവൽ കാൻസറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന ക്യാമ്പെയ്‌നുകളെ പിന്തുണയ്‌ക്കുമെന്നും ഡെബോറ ഉറപ്പ് പറയുന്നു. ജീവിതത്തിന്റെ അസ്തമയത്തിലേക്ക് സന്തോഷത്തോടെ യാത്ര ചെയ്യുകയെന്നതാണ് ഡെബോറയുടെ ആഗ്രഹം. ഭർത്താവും മക്കളും ഒപ്പമുണ്ട്, പ്രതീക്ഷയുടെ ഒരു പച്ചത്തുരുത്ത് ഇപ്പോഴും ബാക്കിയുണ്ടെന്ന് പറയുന്ന നിരവധിയാളുകളും.
Leave a Reply