ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഊർജ്ജബില്ലുകളിലെ കുതിച്ചു കയറ്റം ബ്രിട്ടനിൽ വളരെ നാളുകളായി ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. ഊർജ്ജബില്ലുകളിലെ വർദ്ധനവും പണപ്പെരുപ്പവും കാരണം കൂടുതൽ ശമ്പള വർധനയ്ക്കുള്ള സമരപരമ്പരകൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. എല്ലാ തരത്തിലുള്ള വിലവർധനവ് മൂലം കുറഞ്ഞ വരുമാനമുള്ളവരുടെ കഷ്ടപ്പാടുകളുടെ വാർത്തകൾ മാധ്യമങ്ങളിൽ തുടർച്ചയായി തലക്കെട്ട് സൃഷ്ടിച്ചത് രാഷ്ട്രീയനേതൃത്വത്തെയും വെട്ടിലാക്കിയിരുന്നു. പ്രധാനമന്ത്രി പദത്തിലേയ്ക്കുള്ള പോരാട്ടത്തിന്റെ ഭാഗമായി നടന്ന സംവാദങ്ങളിൽ ഊർജ്ജ പ്രതിസന്ധിയും പണപ്പെരുപ്പവും പരിഹരിക്കുന്നതിനായുള്ള പദ്ധതികളെ വളരെ ആകാംക്ഷയോടെയാണ് ജനം ശ്രദ്ധിച്ചത്.

ഊർജ്ജബില്ലുകളുടെ വർദ്ധനവ് സോളാർ എനർജിയിലേയ്ക്ക് തിരിയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകഴിഞ്ഞു . ബ്രിട്ടനിൽ ജൂലൈ മാസത്തിലെ ഒരാഴ്ചയിൽ ആയിരത്തോളം സോളാർപാനലുകൾ സ്ഥാപിച്ചതായിട്ടാണ് ട്രേഡ് അസോസിയേഷൻ സോളാർ എനർജി യുകെയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഊർജ്ജവില വർദ്ധനവിനൊപ്പം പാരമ്പര്യ ഊർജ്ജ സ്രോതസുകൾ പ്രകൃതിക്ക് നല്ലതാണെന്നുള്ള അവബോധവും സൗരോർജം ഉപയോഗിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതായി സോളാർ എനർജി യുകെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഹെവെറ്റ് പറഞ്ഞു. സോളാർപാനലുകൾ സ്ഥാപിച്ചവർക്ക് വൈദ്യുത ബില്ലിൽ വൻ കുറവ് വന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ തുടക്കത്തിലെ വൻ മുതൽമുടക്കാണ് പലരെയും സൗരോർജ വൈദ്യുത പദ്ധതിയിൽ നിന്ന് മുഖം തിരിക്കാൻ പ്രേരിപ്പിക്കുന്നത്.