തൃശൂർ∙ കവിയും വിവർത്തകനുമായ ആറ്റൂർ രവി വർമ (88) അന്തരിച്ചു. എഴുത്തച്ഛന്‍, ആശാന്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. എട്ടു പതിറ്റാണ്ടോളം നീണ്ട കാവ്യജീവിതത്തിൽ ‘കവിത, ആറ്റൂർ രവിവർമയുടെ കവിതകൾ’ എന്നീ കവിതാ സമാഹാരങ്ങളും ‘ജെ.ജെ. ചില കുറിപ്പുകൾ, ഒരു പുളിമരത്തിന്റെ കഥ, നാളെ മറ്റൊരുനാൾ’ തുടങ്ങിയ വിവർത്തന ഗ്രന്ഥങ്ങളും രചിച്ചു.
1930 ഡിസംബർ 27നു തൃശൂർ തലപ്പിള്ളി താലൂക്കിലെ ആറ്റൂരെന്ന ഗ്രാമത്തിൽ മടങ്ങർളി കൃഷ്‌ണൻ നമ്പൂതിരിയുടെയും ആലുക്കൽ മഠത്തിൽ അമ്മിണി അമ്മയുടെയും മകനായാണു കവിയുടെ ജനനം. 1956ൽ ഉപരിപഠനത്തിനായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെത്തിയത് ആറ്റൂരിന്റെ ജീവിതം മാറ്റിമറിച്ചു. വായനയിലേക്കും എഴുത്തിലേക്കും അഭിരുചി തിരിയുകയും ഒഎൻവി അടക്കമുള്ള കവികളുമായി ചങ്ങാത്തത്തിലാകുകയും ചെയ്‌തപ്പോൾ കവിത തന്നെ ജീവിതം എന്നു തിരിച്ചറിഞ്ഞു.
പഠനകാലത്തെ ജീവിതവും കമ്യൂണിസ്‌റ്റ് അനുഭാവവും കാവ്യചോദനകളെ ഇളക്കിമറിച്ചപ്പോൾ പേനത്തുമ്പിലൂടെ പുറത്തുവന്നത് സാഹിത്യസദ്യയായിരുന്നില്ല. വിഷമോ മരുന്നോ പുരട്ടിയ കലാപചിന്തകളായിരുന്നു. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി മദ്രാസ് പ്രസിഡൻസി കോളജിൽ അധ്യാപന ജീവിതം തുടങ്ങുന്ന കാലത്ത് ഇംഗ്ലിഷ് സാഹിത്യം ആധുനികവാദത്തിൽ തിളച്ചുമറിയുകയായിരുന്നു. വിപുലമായ വായന നൽകിയ പ്രചോദനം ആറ്റൂരിനു മലയാള കവിതയിലും ആധുനികത കൊണ്ടുവരാൻ കാരണമായി.
മദ്രാസിൽ നിന്നു തലശേരി ബ്രണ്ണൻ കോളജിലേക്കു ജോലി മാറിയെത്തുന്ന കാലത്താണു മഹാകവി പി. കുഞ്ഞിരാമൻ നായരുമായി കണ്ടുമുട്ടുന്നത്. അസാധാരണ കവിയെന്നു മാത്രം വിശേഷിപ്പിക്കാവുന്ന പിയുമായുള്ള ചങ്ങാത്തം മേഘരൂപനെന്ന പ്രശസ്‌ത സൃഷ്‌ടിക്കു കാരണമായി. പി മാത്രമല്ല, ജോസഫ് മുണ്ടശേരി, മഹാകവി ജി. ശങ്കരക്കുറുപ്പ് തുടങ്ങിയവരുമായും ഉണ്ടായിരുന്നു സൗഹൃദം. 1986ൽ അധ്യാപനവൃത്തിക്കു വിരാമമിട്ട് തൃശൂർ നഗരത്തിൽ സഹധർമിണി ശ്രീദേവിക്കൊപ്പം സ്‌ഥിരതാമസമാക്കി.
Leave a Reply