തിരുവനന്തപുരം ∙ കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഊഷ്മളതയും അതു നഷ്ടപ്പെടുന്നതിന്റെ വേദനയുമാണ് സുഗതകുമാരിയുടെ കവിതയുടെ കാതൽ. സ്നേഹത്തിലാണ് അതിന്റെ ചുവടുറച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയർത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുൻനിരയിൽത്തന്നെ അവരുണ്ടായിരുന്നു. സൈലന്റ്‌വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ പോരാട്ടങ്ങൾ. വനനശീകരണത്തിനെതിരെ ശബ്ദമയുർത്തിയ സുഗതകുമാരി, നിലാരംബരായ സഹജീവികൾക്ക് അമ്മയുമായി. അവർക്കായി സ്ഥാപിച്ച ‘അഭയ’ ആശ്രയമില്ലാത്ത സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും അഭയകേന്ദ്രമാണ്.
ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധര്‍മാര്‍ഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വര്‍ഷം തത്വശാസ്ത്രഗവേഷണപഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു.
കേരളത്തിന്റെ സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ സജീവപ്രവര്‍ത്തനം നടത്തി. സാമൂഹിക സാംസ്‌കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പിതാവിന്റെ കവിത്വവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ദേശസ്നേഹവും സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു.
കേരളത്തില്‍ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ’അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാള്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി, കാടിനു കാവൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഭർത്താവ്: എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ, പരേതനായ ഡോ. കെ. വേലായുധൻ നായർ. ഡൽഹിയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (എൻസിഇആർടിയുടെ മുൻരൂപം) തലവനും ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് അസി. ഡയറക്‌ടറായിരുന്നു അദ്ദേഹം. മകൾ: ലക്ഷ്മി.
Leave a Reply