ലണ്ടന്‍: യു.കെയിലെ നോണ്‍-എമര്‍ജന്‍സി പോലീസ് ലൈനായ ‘101’ രാത്രികാല സര്‍വീസുകള്‍ നിര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍വീസ് ലൈനിലെ തിരക്ക് നിയന്ത്രിക്കാന്‍ ലക്ഷ്യം വെച്ചാണ് പുതിയ നീക്കം. സമീപകാലത്ത് ‘101’ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സമാനമാണ് എമര്‍ജന്‍സി ലൈനായ ‘999’ ഉപയോഗിക്കുന്നവരുടെയും കാര്യത്തിലുണ്ടായിരിക്കുന്നത്. തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റില്‍ നിന്നോ തെരുവില്‍ നിന്നോ ഉള്ള അമിത ശബ്ദം, എന്‍.എച്ച്.എസുമായി ബന്ധപ്പെട്ട പരാതികള്‍, ഷോപ്പ്‌ലിഫ്റ്റിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ഇത്തരം സര്‍വീസുകള്‍ ഉപയോഗിക്കുന്നത്.
രാത്രികാലങ്ങളില്‍ ‘101’ സര്‍വീസ് നിര്‍ത്തലാക്കിയാല്‍ ‘999’ സര്‍വീസിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ച് വരികയാണ്. നാഷണല്‍ പോലീസ് ചീഫ് കൗണ്‍സിലിന് പോലീസിംഗ് മിനിസ്റ്റര്‍ നിക്ക് ഹുഡ് ഇക്കാര്യം സൂചിപ്പിച്ച് കത്തെഴുതിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 32 മില്യണ്‍ കോളുകളാണ് ‘101’ സര്‍വീസിലേക്ക് എത്തിയിരിക്കുന്നത്. ‘999’ കോളുകള്‍ക്ക് ശേഷം മാത്രമെ ‘101’ പ്രാമുഖ്യം നല്‍കാന്‍ കഴിയൂ എന്നുള്ളതിനാല്‍ സമീപകാലത്ത് കോള്‍ കണക്ട് ആവാനുള്ള ദൈര്‍ഘ്യവും വര്‍ധിച്ചിട്ടുണ്ട്. ആദ്യഘട്ടങ്ങളില്‍ 5 മുതല്‍ 10 സെക്കന്റ് വരെയായിരുന്നു വെയിറ്റിംഗ് ടൈമെങ്കില്‍ ഇപ്പോള്‍ അത് 5 മിനിറ്റ് വരെ ഉയര്‍ന്നിട്ടുണ്ട്.
നോണ്‍ എമര്‍ജന്‍സി ലൈനുകള്‍ നിരവധി തവണ മുന്‍ഗണനാ ക്രമത്തില്‍ ഒഴിവാക്കേണ്ടി വന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ‘999’ കോളുകള്‍ വരുന്ന സമയത്ത് ‘101’ കോളുകള്‍ ഡിസ്‌കണക്ട് ചെയ്യേണ്ടിവരുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ‘999’ കോളുകളുടെ എണ്ണത്തില്‍ സമീപകാലത്തുണ്ടായിരിക്കുന്ന വര്‍ധനവാണ് പ്രധാനമായും നോണ്‍ എമര്‍ജന്‍സി ലൈനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. ‘999’ സിസ്റ്റം ശക്തിപ്പെടുത്താന്‍ പുതിയ നീക്കം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Leave a Reply