ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ സ്ത്രീയെയും രണ്ടു കുട്ടികളെയും ആസിഡ് ഒഴിച്ച് മാരകമായി പരിക്കേൽപ്പിച്ച സംഭവം ബ്രിട്ടനെ ആകെ ഞെട്ടിച്ചതായിരുന്നു. 35കാരനായ പ്രതിയെ കണ്ടെത്താൻ പോലീസ് വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം തരുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിരുന്നു. ജനുവരി 31-ന് രാത്രിയിലാണ് അമ്മയുടെയും രണ്ട് കുട്ടികളുടെയും മേൽ ആസിഡ് ആക്രമണം നടത്തിയതിനുശേഷം ഇയാൾ ഒളിവിലായത്.

സംഭവം നടന്ന് 10 ദിവസത്തിനുശേഷവും ഇയാളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് പ്രതി ജീവനോടെയില്ലാതിരിക്കാനുള്ള സാധ്യതയിലേയ്ക്കാണ് പോലീസ് ഇപ്പോൾ വിരൽ ചൂണ്ടുന്നത് . ചെൽസി ബ്രിഡ്ജിൽ അവസാനമായി കണ്ടതിനുശേഷം അയാൾ തെംസ് നദിയിൽ ആത്മഹത്യ ചെയ്തിരിക്കാമെന്ന് പോലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ സാധ്യത നേരത്തെ ഉയർന്നു വന്നിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനാവാത്തതാണ് അന്വേഷണസംഘത്തെ കുഴപ്പിച്ചത് . ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാനായി നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നദിയിൽ വീണ്ടും പരിശോധന നടത്താനാണ് പോലീസ് തീരുമാനം.

ആക്രമണത്തിന് ഇരയായ സ്ത്രീക്ക് എസെദിയുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുവതി ഇപ്പോഴും ആശുപത്രിയിൽ തന്നെ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവരുടെ ഒരു കണ്ണിൻറെ കാഴ്ച നഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിൽ പരുക്കു പറ്റിയ എട്ടും മൂന്നും വയസ്സുള്ള രണ്ടു കുട്ടികൾ ആശുപത്രി വിട്ടിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയ ആളാണ് പ്രതി എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്