കോട്ടയം: മുന്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസത്രീയെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പോലീസ് കോസെടുത്തു. കന്യാസ്ത്രീ നല്‍കിയ പരാതിയിന്മേല്‍ കുറവിലങ്ങാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഐപിസി 509 അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ എം.എല്‍.എയ്ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിച്ചേക്കും.

പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന രീതിയില്‍ ജോര്‍ജ് സംസാരിച്ചത്. 12 തവണ പീഡനത്തിനിരയായിട്ട് 13ാം തവണ മാത്രമാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ഇതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. ബിഷപ്പിനെതിരെ സമരം നയിച്ച കുറവിലങ്ങാട് മഠത്തിലെ മറ്റു കന്യാസത്രീകളെയും അപമാനിക്കുന്ന രീതിയില്‍ എം.എല്‍.എ പ്രസ്താവന ഇറക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോട്ടയം എസ്.പിക്കാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. പിന്നീട് കുറവിലങ്ങാട് പോലീസ് സ്റ്റേഷന് കീഴില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മുന്‍പും ജോര്‍ജ് സംസാരിച്ചിട്ടുണ്ട്. കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കേസില്‍ ജോര്‍ജിനോട് ഹാജരാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ വരാനുള്ള പണം നല്‍കിയാല്‍ ഹാജരാകാം എന്നായിരുന്നു എം.എല്‍.എയുടെ നിലപാട്.