മാധ്യമങ്ങളുടെ മുന്നിൽവെച്ച് മൂന്നംഗ സംഘം വെടിവെച്ചു കൊന്ന മുൻ സമാജ്‌വാദി പാർട്ടി എംപി ആതിഖ് അഹമ്മദിന്റെ പേരിൽ 1400 കോടിയുടെ സ്വത്തെന്ന് അധികൃതർ. അഞ്ച് മക്കളും ഭാര്യയുമാണ് ആതിഖിന്റെ കുടുംബാംഗങ്ങൾ. വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ട ഭാര്യ ഷയിസ്ത പർവീൺ ഒളിവിലാണ് എന്നാണ് പോലീസ് റിപ്പോർട്ട്.

ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്. ആതിഖിന്റെ കൊലപാതകത്തിൽ യു.പി പോലീസിനെ വിമർശിച്ച് മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ. രണ്ട് തടവുകാരെ വാർത്താ ക്യാമറകൾക്ക് മുന്നിൽ വെച്ച് വെടിവെച്ച് വീഴ്ത്തുന്ന ആയുധധാരികളായ ഗുണ്ടാസംഘങ്ങൾക്ക് പോലീസ് ഒന്നും ചെയ്യാത്ത സ്ഥലമാണ് ഉത്തർപ്രദേശെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ മെഡിക്കല്‍ പരിശോധനക്കു കൊണ്ടുപോകാനിറങ്ങുമ്പോഴാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ആതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയായ ആതിഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

അഞ്ച് ആൺമക്കളിൽ മൂത്ത മകൻ മുഹമ്മദ് ഉമർ ഒരു കേസിൽ കൂട്ടുപ്രതിയായി ലഖ്‌നൗ ജില്ല ജയിലിലും രണ്ടാമത്തെ മകൻ മുഹമ്മദ് അലി അഹമ്മദ് 2021 ഡിസംബറിൽ വസ്തു ഇടപാടുകാരനെ ആക്രമിച്ച കേസിൽ നൈനി ജയിലിലും കഴിയുകയാണ്. മൂന്നാമത്തെയാളായ അസദ് അഹ്‌മദ് കഴിഞ്ഞ ദിവസം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

ആതിഖിന്റെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കൾ നിയമവിരുദ്ധമായി പോലീസ് കസ്റ്റഡിയിലാണെന്ന് കാണിച്ച് ഭാര്യ ഷയിസ്ത പർവീൺ മുൻപ് പ്രയാഗ്രാജിലെ പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ആൺകുട്ടികളെ പ്രയാഗ്രാജിൽ കണ്ടെത്തി ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി പോലീസ് കോടതിയെ അറിയിച്ചു.

ആതിഖിനെതിരായ കേസിൽ നടപടിയായി ആതിഖിന്റെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയിരുന്നു. നൂറിലധികം കേസുകളാണ് ആതിഖിനെതിരെ പലയിടങ്ങളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഈ കേസുകളിൽ ശിക്ഷിക്കപ്പെട്ടിരുന്നില്ല.

2005ൽ ബിഎസ്പി എംഎൽഎ രാജു പാൽ കൊല്ലപ്പെട്ട കേസിൽ ആതിഖ് അഹമ്മദ് പ്രതിചേർക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ 2006ൽ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖിനും കൂട്ടാളികൾക്കും തടവുശിക്ഷ ലഭിച്ചിരുന്നു.

2019 മുതൽ ആതിഖ് ജയിലിൽ കഴിയുകയായിരുന്നു. ഉമേഷ് പാൽ ഫെബ്രുവരി 24ന് കൊല്ലപ്പെട്ടു. ഈ കൊലപാതകം ആസൂത്രണം ചെയ്തത് ആതിഖ് അഹമ്മദ് ആണെന്ന് യുപി പോലീസ് പറഞ്ഞിരുന്നു. ഇതിനിടെയാണ് ആതിഖ് കൊല്ലപ്പെട്ടത്.