തൃശൂര്‍: കുറവിലങ്ങാട് പള്ളിയിലെ എട്ട് നോമ്പ് ആചരണത്തിന്റെ ഭാഗമായുള്ള വചനസന്ദേശത്തില്‍ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് കാണിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലിസില്‍ പരാതി. ഡല്‍ഹി യൂണവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ഥിയും എം എസ് എഫ് ഡല്‍ഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ അഫ്‌സല്‍ യൂസഫാണ് തൃശൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കിയത്. മുസ്ലിം സമുദായത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പർധ വളര്‍ത്താനാണ് ബിഷപ്പിന്റെ ശ്രമമെന്നും ബിഷപ്പിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

ലൗ ജിഹാദിനു പുറമെ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്നാണ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ ആരോപിച്ചത്. സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്.

പ്രണയത്തെ അല്ല സഭ എതിർക്കുന്നതെന്ന് ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. ഇവിടെ പ്രണയമല്ല സംഭവിക്കുന്നത്. പൂർണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്‌ലിംകളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ഇതര മതസ്ഥരായ യുവതികൾ ഐ എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും എന്നാണ് വിശ്വാസികളോട് പാലാ ബിഷപ്പ് പറയുന്നത്. മുൻ ഡിജിപി ലോക്നാഥ് ബഹ്റ വിരമിച്ച സമയത്ത് പുറപ്പെടുവിച്ച ചില പ്രസ്താവനകളും ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ തീവ്രവാദം ശക്തിപ്പെടുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ധാരാളം ഉള്ളതായും ലോക്നാഥ് ബഹ്റ ആരോപിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാർക്കോട്ടിക് ജിഹാദ് എന്ന പേരിൽ ഒരു ബിഷപ്പ് തന്നെ ആരോപണമുന്നയിക്കുന്നത് ആദ്യമാണ്. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് ബിഷപ്പ് ആരോപിക്കുന്നത്. ഐസ്ക്രീം പാർലറുകൾ ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട് എന്നും പാലാ ബിഷപ്പ് ആരോപിച്ചു. കുട്ടികൾ സൗഹൃദം തെരഞ്ഞെടുക്കുന്നത് സർപ്പത്തിന്റെ ജാഗ്രതയോടെ വേണമെന്നും ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളോട് ആയി പറയുന്നു.

ഹലാൽ വിവാദവും ജിഹാദുമായി ബന്ധപ്പെട്ടതാണ് എന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിക്കുന്നു. സംഘടിതമായ ശ്രമം ആണ് കേരളത്തിൽ ജിഹാദി ഗ്രൂപ്പുകൾ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. കേരളത്തിൽ നിരവധി പെൺകുട്ടികൾ ഇത്തരത്തിൽ ജിഹാദിന് ഇരയായിട്ടുണ്ടെന്നും പാലാ ബിഷപ്പ് ആരോപിക്കുന്നു.