ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- കഴിഞ്ഞ ശനിയാഴ്ച ലങ്കാസ്റ്ററിനു സമീപം ബ്രിട്ടനിലെ ഏറ്റവും ദൈർഘ്യമേറിയ മോട്ടോർവേയായ എം 6ൽ ഗതാഗതക്കുരുക്ക് ഉണ്ടായ സമയത്ത് തികച്ചും ഉദാസീനമായ രീതിയിൽ പ്രവർത്തിച്ച ഡ്രൈവർമാരെ ശക്തമായി വിമർശിച്ചിരിക്കുകയാണ് പോലീസ്. തങ്ങളുടെ കാർ റോഡിൽ ഉപേക്ഷിച്ച് മറ്റു പലയിടങ്ങളിലേക്കും നടക്കുകയും, കുട്ടികളെ കാറിൽ നിന്ന് പുറത്തിറക്കി റോഡിൽ ഫുട്ബോൾ കളിക്കാൻ അനുവദിക്കുകയും മറ്റും ചെയ്ത സമീപനം തികച്ചും സാഹചര്യത്തെ വഷളാക്കുകയാണ് ചെയ്തതെന്ന് പോലീസ് കുറ്റപ്പെടുത്തി. ലങ്കാസ്റ്ററിനു സമീപമുള്ള ഒരു പാലത്തിൽ മാനസിക വൈകല്യമുള്ള ഒരാൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് മോട്ടോർവേയിലേ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചത്.

എന്നാൽ മിനിറ്റുകൾക്കകം തന്നെ എന്താണ് സംഭവിക്കുന്നത് എന്ന് കാണുവാനായി ആളുകൾ കാറിൽ നിന്ന് പുറത്തിറങ്ങിയതായി പോലീസ് വ്യക്തമാക്കി. മറ്റുചിലർ കാറുകൾ വഴിയിൽ ഉപേക്ഷിച്ച് സർവീസ് സ്റ്റേഷനിലും മറ്റും പോകുകയും ചെയ്തു. മോട്ടോർവേ വേഗത്തിൽ വീണ്ടും തുറന്നെങ്കിലും, ആളുകളുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പെരുമാറ്റം മൂലം കൂടുതൽ കാലതാമസം ഉണ്ടാവുകയാണ് ചെയ്തതെന്ന് ലങ്കാഷയർ പോലീസ് പറഞ്ഞു. പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ, ഇത്തരത്തിൽ കാറുകൾ ഉപേക്ഷിക്കപ്പെട്ടത് മൂലം വീണ്ടും ഗതാഗതക്കുരുക്ക് കൂടുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രശ്നമുണ്ടാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആളെ പോലീസ് അതിനകം തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. അമിതമായി മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനം ഓടിക്കാൻ ശ്രമിച്ചാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത്.


പോലീസ് ഓഫീസർമാർ സാഹചര്യ സ്ഥലത്തേക്ക് എത്തുന്നതു പോലും ആളുകളുടെ നിരുത്തരവാദപരമായ ഇത്തരത്തിലുള്ള പെരുമാറ്റം മൂലം തടസ്സപ്പെട്ടതായി പോലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള പെരുമാറ്റം തികച്ചും സാധാരണമാണെന്നാണ് ജനങ്ങൾ ചിന്തിക്കുന്നതെന്നും, എന്നാൽ അങ്ങനെയല്ലെന്നും, ഇത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. പോലീസിന്റെ നിർദ്ദേശം അനുസരിച്ച് കാറുകളിൽ തന്നെ തുടർന്നാൽ സാഹചര്യം കൂടുതൽ വേഗത്തിൽ നേരെയാക്കാൻ സാധിക്കുമെന്നും പോലീസ് അധികൃതർ ഓർമ്മിപ്പിച്ചു. ഇത്തരത്തിൽ പെരുമാറുന്നവർക്കായുള്ള ഒരു മുന്നറിയിപ്പായാണ് പോലീസ് ഇത്തരം നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.