തിരുവനന്തപുരം: രക്തം സ്വീകരിച്ച 9 വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ പോലീസ് പരിശോധന. കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്കാണ് എച്ച്‌ഐവി ബാധിച്ചതായി സ്ഥിരീകരിച്ചത്. രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്‌ഐവി ബാധിച്ചതെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കുട്ടിയുടെ ചികിത്സ, രക്തം സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ പോലീസ് പരിശോധിച്ചു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. ആര്‍സിസിയും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രിയുടെ ഭാഗത്തു നിന്ന് പിഴവുണ്ടായിട്ടില്ലെന്നാണ് ആര്‍സിസി അധികൃതര്‍ വ്യക്തമാക്കുന്നത്.

രക്തത്തില്‍ അണുബാധയില്ലെന്ന് പരിശോധിച്ചതിനു ശേഷമാണ് രോഗികള്‍ക്ക് നല്‍കുന്നത്. അതുകൊണ്ടുതന്നെ വീഴ്ചയുണ്ടാകില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയൂഎന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുറ്റക്കാരെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.