ന്യൂസ് ഡെസ്ക് മലയാളം യുകെ
എന്തുതരം കുറ്റകൃത്യങ്ങളിൽ പെടുന്നവരെയും പെട്ടെന്ന് തിരിച്ചറിയുന്നതിനുള്ള പുതിയ പദ്ധതി യുകെ പോലീസ് നടപ്പിലാക്കാനൊരുങ്ങുന്നു . ഇതിനായി 50 ദശലക്ഷം ഡ്രൈവിംഗ് ലൈസൻസ് ഉടമകളുടെ ഫോട്ടോ അടങ്ങിയ ഡാറ്റാബാങ്ക് പോലീസ് തയ്യാറാക്കി കഴിഞ്ഞു. മുക്കിലും മൂലയിലും വരെ സിസിടിവി ക്യാമറകൾ വന്നതോടെ കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ലഭ്യമാകുന്നത് എളുപ്പമായിരുന്നു. കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങളിൽ നിന്ന് ആളുകളെ തിരിച്ചറിയുന്നതിന്റെ പ്രയാസങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ ഒഴിവാക്കപ്പെടുന്നത്.
സിസിടിവിയിലെയോ, സോഷ്യൽ മീഡിയയിലെയൊ ദൃശ്യങ്ങളിൽ ഉൾപ്പെട്ടാൽ ആരാണെന്നത് തിരിച്ചറിയാൻ പുതിയ സാങ്കേതികവിദ്യയിലൂടെ പോലീസിന് നിസ്സാരമായി സാധിക്കും. ഇതിനുള്ള അധികാരം പോലീസിന് നൽകുന്നതിനായുള്ള നിയമനിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ് സർക്കാർ . വിവരങ്ങൾക്കായി ഡ്രൈവിംഗ് ലൈസൻസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഉപയോഗിക്കുന്നത്. റോഡ് സുരക്ഷാ നിയമങ്ങൾ തെറ്റിക്കുന്നവരെ കണ്ടെത്താൻ വാഹനത്തിൻറെ നമ്പറിൽ നിന്ന് ഉടമയെ കണ്ടെത്തുന്ന സാങ്കേതികവിദ്യയാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഫോട്ടോയിൽ നിന്ന് മുഖം തിരിച്ചറിയാവുന്ന ആളുകളെ കണ്ടെത്തുന്നതിലൂടെ വാഹനം ഓടിക്കുന്ന യഥാർത്ഥ ഡ്രൈവറിനെ തിരിച്ചറിയാൻ കഴിയും.
എന്നാൽ പുതിയ സാങ്കേതികവിദ്യ വ്യാപകമായ രീതിയിൽ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രധാനമായും പ്രതിഷേധ സമരങ്ങളിലും മറ്റും പങ്കെടുക്കുന്നവരെ തിരിച്ചറിയുന്നതിനായി ഇത് ഉപയോഗിക്കാൻ സാധിക്കും. വ്യക്തികളുടെ സ്വകാര്യത, ആവിഷ്കാര സ്വാതന്ത്ര്യം , ഒത്തുചേരാനും കൂട്ടുകൂടാനുമുള്ള സ്വാതന്ത്ര്യം എന്നീ അവകാശങ്ങളുടെ മേൽ പുതിയ സാങ്കേതികവിദ്യ ഭീഷണിയായിരിക്കും എന്നാണ് വിമർശകർ ചൂണ്ടി കാണിക്കുന്നത്.
Leave a Reply