ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- കഴിഞ്ഞവർഷം ഡിസംബറിൽ നടന്ന ഒരു ക്രിസ്മസ് പാർട്ടിയിൽ വച്ച് രണ്ടു സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ച കുറ്റം ക്ലീവ്ലാൻഡ് പോലീസ് ആക്ടിംഗ് ഇൻസ്പെക്ടർ നാല്പത്തഞ്ചുകാരനായ ലീ മോർഗൻ സമ്മതിച്ചു. ഇതോടെ ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികൾ ഉടനെ ഉണ്ടാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബറിലെ അവധിക്കാലത്ത് ഒരു ക്രിസ്മസ് പാർട്ടിയിൽ വച്ച് രണ്ട് സ്ത്രീകളുടെ ശരീരത്തിൽ തെറ്റായ രീതിയിൽ സ്പർശിക്കുകയും, ഇതോടൊപ്പം തന്നെ ഒരാളോട് രാത്രി മുഴുവൻ മോശമായ രീതിയിലുള്ള സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തതാണ് മോർഗനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. നോർത്ത് യോർക്ക്ഷെയറിലെ ഇംഗ്ലെബി ബാർവിക്കിൽ താമസിക്കുന്ന ലീ മോർഗൻ, തിങ്കളാഴ്ച ടീസൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ രണ്ട് ലൈംഗികാതിക്രമ കേസുകളിലും കുറ്റസമ്മതം നടത്തിയതോടെ ഇദ്ദേഹത്തെ ഉടൻതന്നെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള സംഭവം നടന്നതിന്റെ പ്രധാന കാരണം മോർഗൻ മദ്യപിച്ചിരുന്നതായിരുന്നുവെന്ന് കോടതി പരാമർശിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കുറ്റങ്ങൾ നടക്കുന്ന സമയത്ത് മോർഗൻ ഡ്യൂട്ടിയിൽ ആയിരുന്നില്ലെന്ന് പ്രോസിക്യൂട്ടർ റേച്ചൽ ബട്ട് കോടതിയിൽ വ്യക്തമാക്കി. മാർഗൻ നടത്തിയ പ്രവർത്തികൾ സിസിടിവിയിൽ പതിഞ്ഞു എന്നതും കോടതി വിലയിരുത്തി. തന്റെ സ്വകാര്യത മോർഗൻ ലംഘിച്ചതായി അതിക്രമത്തിന് ഇരയായ ഒരു സ്ത്രീ കോടതിയിൽ വ്യക്തമാക്കിയപ്പോൾ, മറ്റൊരാൾ താൻ ഒരു ലൈംഗിക അതിക്രമത്തിന് ഇരയായതായി തനിക്ക് തോന്നുന്നില്ലെന്ന് വ്യക്തമാക്കി. മോർഗന്റെ ഭാഗത്തു നിന്നും മുൻപ് ഇത്തരത്തിലുള്ള യാതൊരുവിധ പ്രവർത്തികളും ഉണ്ടായിട്ടില്ലെന്ന് ഡിഫെൻസ് സോളിസിറ്റർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ജഡ്ജി ഈ കേസിൽ ഒരു വിധി പുറപ്പെടുവിക്കാതെ ക്രൗൺ കോടതിയിലേക്ക് റഫർ ചെയ്യുകയാണ് ഉണ്ടായത്. അതോടൊപ്പം തന്നെ നവംബർ 14ന് കോടതിയിൽ ഹാജരാകും വരെ മോർഗന് ഉപാധികൾ ഒന്നുമില്ലാതെ ജാമ്യം അനുവദിക്കുകയും ചെയ്തു.