മട്ടന്നൂർ: മുൻ അധ്യാപികയായ ജ്യോതിയെയും മകൻ നവീൻകൃഷ്ണയെയും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. രാവിലെ പുറത്തുപോയ ഭർത്താവ് ജയകൃഷ്ണൻ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. വീടിന്റെ മുകൾനിലയിൽ കോണിപ്പടിക്ക് സമീപം അടുത്തടുത്തായി കമിഴ്ന്നു കിടക്കുകയായിരുന്നു മൃതദേഹങ്ങൾ. ഇരുവർക്കുമിടയിൽ വീട്ടിൽ ഉപയോഗിക്കുന്ന സ്റ്റീൽ കത്തിയും കണ്ടെത്തി. ജ്യോതിയുടെ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായ മുറിവുകളുണ്ടായിരുന്നു. നവീൻകൃഷ്ണയുടെ കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റിരുന്നു.
രാവിലെ ഒൻപതുമണിയോടെ വീട്ടിൽനിന്ന് ചെറിയ നിലവിളി കേട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ശബ്ദം കേട്ട് പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ജയകൃഷ്ണൻ വീട്ടിലെത്തിയതും സംഭവം പുറത്തറിയുന്നതും. അയൽവാസികൾ ഓടിയെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനും തുടർനടപടികൾക്കും സഹായിച്ചത്. ജയകൃഷ്ണനും ജ്യോതിയും നാട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്നെങ്കിലും നവീൻ പൊതുവെ ആരുമായും അധികം ഇടപഴകാതെ വീട്ടിൽ ഒതുങ്ങിക്കഴിയുന്ന പ്രകൃതക്കാരനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ദിവസം വീട്ടിൽ വാക്കുതർക്കമുണ്ടായിരുന്നതായും സൂചനയുണ്ട്. നവീൻകൃഷ്ണ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് അറിയിച്ചു. അമ്മയുടെ മരണത്തിന് പിന്നിൽ മകന്റെ മാനസികാരോഗ്യ പ്രശ്നങ്ങളാണോ എന്നതുൾപ്പെടെ വിവിധ സാധ്യതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. നവീന്റെ സഹോദരൻ നവനീത് കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സ്ഥലത്തെത്തിയ എം.എൽ.എ വി.കെ. സനോജ് ആവശ്യപ്പെട്ടു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കാൻ പൊലീസ് അന്വേഷണം തുടരുകയാണ്.











Leave a Reply