മകളുടെ വിവാഹാഘോഷത്തിനിടെ പാട്ടുപാടിക്കൊണ്ടിരുന്ന അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ പുത്തുൻതുറ താഴത്തുരുത്ത്, ചാമ്പോളിൽ വീട്ടിൽ വിഷ്ണുപ്രസാദാണ് മരിച്ചത്. ഇളയ മകൾ ആർച്ചയുടെ വിവാഹമായിരുന്നു ഇന്ന്. ഇന്നലെ വീട്ടിൽ നടത്തിയ ആഘോഷങ്ങളിൽ പാടാനറിയാവുന്ന വിഷ്ണു പ്രസാദും ഭാഗമായി. അമരം എന്ന സിനിമയിലെ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട രാക്കിളി പൊന്‍മകളെ എന്ന ഗാനം പാടുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതിനാൽ മരണവിവരം ബന്ധുക്കൾ വീട്ടുകാരെ അറിയിച്ചില്ല. അച്ഛൻ മരിച്ചതറിയാതെ ആർച്ചയുടെ വിവാഹം ഇന്ന് പരിമണം ക്ഷേത്രത്തിൽ വച്ച് നടന്നു. മുൻപ് ഇദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായിട്ടുണ്ട്. എന്നാൽ പിന്നീട് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും.
Leave a Reply