ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റോളിൽ സ്യൂട്ട്കേസുകളിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മൃതദേഹാവശിഷ്ടങ്ങൾ രണ്ടുപേരുടേതാണെന്ന് പോലീസ് വെളിപ്പെടുത്തി. തുടർ അന്വേഷണത്തിൽ ലണ്ടനിലെ സ്കോട്ട്സ് റോഡിലെ ഒരു ഫ്ലാറ്റിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് സംഭവത്തിൻ്റെ ദുരൂഹത കൂട്ടിയിട്ടുണ്ട് . രണ്ട് സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഒരേ സംഭവത്തോട് ബന്ധപ്പെട്ടതാണെന്നാണ് പോലീസ് സംശയിക്കുന്നത്.

കൊലപാതകത്തിൽ തങ്ങൾ അന്വേഷിക്കുന്ന പ്രതി കൊളംബിയൻ പൗരനായ യോസ്റ്റിൻ ആന്ദ്രെ മോസ്‌ക്വെറ ആണെന്ന് മെട്രോപൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചു. 24 വയസ്സുകാരനായ ഇയാൾ അപകടകാരിയാണെന്നും പൊതുജനങ്ങൾ സമീപിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ടുപേരും ഇയാളുടെ പരിചയക്കാരായിരുന്നുവെന്നാണ് പോലീസ് കരുതുന്നത് . പക്ഷേ ഇരകളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല.

ലിഫ്റ്റൺ സസ്പെൻഷൻ ബ്രിഡ്ജിൽ രണ്ട് സ്യൂട്ട്കേസുകളിലായി മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു . സ്യൂട്ട്കേസുകൾ ഉപേക്ഷിച്ച സ്ഥലത്തേയ്ക്ക് ഇയാളെ എത്തിച്ച ടാക്സി ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞതാണ് കേസിൽ നിർണായകമായത്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്യൂട്ട്കേസുകൾ പാലത്തിലേക്ക് എടുത്തയാളെ കണ്ടെത്തുക, മരിച്ചയാളുകളെ തിരിച്ചറിയുക, അടുത്ത ബന്ധുക്കളെ കണ്ടെത്തുക എന്നിവയാണ് പോലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ