ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളിലും വര്‍ദ്ധിച്ചു വരുന്ന അക്രമസംഭവങ്ങള്‍ തടയുന്നതിനായി പോലീസ് സംഘങ്ങളെ നിയോഗിക്കുന്നു. മൂന്ന് ഒആഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘങ്ങളാണ് ആശുപത്രികളില്‍ നിയോഗിക്കപ്പെടുന്നത്. ലണ്ടനിലെ നാല് പ്രധാന ആശുപത്രികളില്‍ ഇപ്പോള്‍ ഈ സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കിക്കഴിഞ്ഞു. അതിക്രമങ്ങളും ഭീഷണികളും ഉണ്ടായാല്‍ ഇനി ജീവനക്കാര്‍ ഇടപെടേണ്ടതില്ലെന്ന് പോലീസ് അറിയിച്ചു. നഴ്‌സുമാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ചെറുക്കുക, ഡിസ്ചാര്‍ജ് ചെയ്താലും പോകാന്‍ വിസമ്മതിക്കുന്ന രോഗികളെ മാറ്റുക നെയ്ബര്‍ഹുഡ് പോലീസിംഗിന്റെ ഭാഗമായി കമ്യൂണിറ്റി ഇവന്റുകളില്‍ പങ്കെടുക്കുക എന്നിവയും ഈ സ്‌ക്വാഡുകളുടെ ചുമതലയായിരിക്കും.
കഴിഞ്ഞ മാസം രൂപീകരിച്ച സ്‌ക്വാഡുകള്‍ ലണ്ടനിലെ റോയല്‍ ഫ്രീ, വിറ്റിംഗ്ടണ്‍, യുസിഎല്‍, ഗ്രേറ്റ് ഓര്‍മോന്‍ഡ് സ്ട്രീറ്റ് ആശുപത്രികളില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എന്‍എച്ച്എസ് ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുക എന്നതാണ് ഈ സ്‌ക്വാഡുകളുടെ പ്രധാന ജോലി. കാലങ്ങളായി ഇത്തരം അതിക്രമങ്ങള്‍ ജീവനക്കാര്‍ സഹിച്ചു വരികയായിരുന്നു. ഇനി മുതല്‍ അതിന്റെ ആവശ്യമില്ലെന്ന് സെര്‍ജന്റ് പോള്‍ ടെയ്‌ലര്‍ പറഞ്ഞു. സിറ്റി ആശുപത്രികളില്‍ പോലീസ് ലെയ്‌സണ്‍ ഓഫീസര്‍മാരെ നിയോഗിക്കാറുണ്ട്. എന്നാല്‍ ആദ്യമായാണ് പോലീസ് സംഘങ്ങളെ ആശുപത്രികളില്‍ നിയോഗിക്കുന്നത്.
ബോഡി ക്യാമറകളുമായി ആശുപത്രികളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റോയല്‍ ബ്ലാക്ക്‌ബേണ്‍ ആശുപത്രിയിലാണ് ക്യാമറകളുമായി സെക്യൂരിറ്റി ജീവനക്കാരെ ആദ്യമായി നിയോഗിച്ചത്. ഒരു വര്‍ഷത്തിനിടെ 220 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ ആശുപത്രി ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ 24 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
Leave a Reply