സംഘടനാതിരഞ്ഞെടുപ്പു നടപടികളിലേക്ക് കടന്നതോടെ ബി.ജെ.പി.യിലെ സമവാക്യങ്ങൾ മാറുന്നു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരേ വാളോങ്ങിനിന്ന ശോഭാ സുരേന്ദ്രൻ വിഭാഗം സുരേന്ദ്രനോട് അടുക്കുന്നതായാണ് വിവരം. അല്പകാലമായി അകൽച്ചയിലായിരുന്ന മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും പൂർണമായി വഴിപിരിയുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടുമെത്താൻ വി.മുരളീധരൻ നീക്കം നടത്തുന്നതായി സുരേന്ദ്രൻ പക്ഷത്തിനു സംശയമുണ്ട്. സുരേന്ദ്രൻവിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ശോഭയുടെ പിന്മാറ്റം പി.കെ.കൃഷ്ണദാസ് പക്ഷത്തിനും ക്ഷീണമാണ്.
എം.ടി.രമേശിനെ സംസ്ഥാന പ്രസിഡന്റായി ഉയർത്തിക്കാട്ടിയാണ് പി.കെ.കൃഷ്ണദാസ് വിഭാഗം മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സംഘടനാതിരഞ്ഞെടുപ്പിൽ ഈ പക്ഷത്തെ നേതാക്കൾ എം.ടി.രമേശിന്റെയും എ.എൻ.രാധാകൃഷ്ണന്റെയും പേരുകൾ കേന്ദ്രനേതാക്കൾക്കു മുന്നിൽ െവച്ചിരുന്നു. ഇത്തവണ അവർ എം.ടി.രമേശ് എന്ന ഒറ്റപ്പേരിലേക്കെത്തി എന്നതാണ് പ്രത്യേകത. ഇവർക്ക് ആർ.എസ്.എസിന്റെ പിന്തുണയുണ്ടെന്നാണ് അറിയുന്നത്.
ഗ്രൂപ്പ് മാനേജർമാരെച്ചൊല്ലി സുരേന്ദ്രൻ പക്ഷത്ത് വേറെയും വിള്ളലുണ്ട്. പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ പി.രഘുനാഥ്, നാരായണൻ നമ്പൂതിരി എന്നിവർക്കെതിരേ സുരേന്ദ്രൻ പക്ഷത്തുനിന്നുതന്നെ പരാതി വന്നിട്ടുണ്ടെന്നാണ് വിവരം. സന്ദീപ് വാരിയർ പാർട്ടിവിടാൻ കാരണം ഗ്രൂപ്പ് മാനേജർമാരുടെ ചില നീക്കങ്ങളാണെന്ന് പാലക്കാട് ജില്ലയിൽനിന്ന് പരാതി പോയിക്കഴിഞ്ഞു. സന്ദീപ് വാരിയർക്ക് കസേര നിഷേധിച്ചത് ഒരു ഗ്രൂപ്പ് മാനേജരാണെന്നാണ് പരാതിക്കാർ പറയുന്നത്.
വി.മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവർക്കൊപ്പം നിൽക്കുന്ന, രണ്ടാംനിര നേതാക്കളായ സി.കൃഷ്ണകുമാർ, പി.സുധീർ, പി.രഘുനാഥ്, വി.വി.രാജേഷ്, എ.നാഗേഷ്, സി.ശിവൻകുട്ടി, നാരായണൻ നമ്പൂതിരി തുടങ്ങിയവരും വിവിധ ജില്ലാ പ്രസിഡന്റുമാരും ഇനി ഇവരിൽ ആർക്കൊപ്പം നിൽക്കുമെന്നത് സംഘടനാ തിരഞ്ഞെടുപ്പിൽ നിർണായകമാകും.
Leave a Reply