പാഗ്പാഗ് ….ആയിരങ്ങളുടെ ഇഷ്ട വിഭവം ..ഉണ്ടാക്കുന്നത് ചവറ്റുകൂനയില്‍ ഉപേക്ഷിക്കുന്ന മാംസാവശിഷ്ടം ഉപയോഗിച്ച്…ലോകം ഇത്രയധികം പുരോഗമിച്ചെങ്കിലും പാഗ്പാഗ് എന്ന ഭക്ഷണം സ്വാദോടെ കഴിക്കുന്നവർ ഏറെ.

മറ്റുള്ളവർ കഴിച്ചു കഴിഞ്ഞ ഭക്ഷണം കഴിക്കാൻ എല്ലാവർക്കും മടിയാണ് …എന്നാൽ പാഗ്പാഗ് കഴിക്കുന്നത് ഏറെ സ്വാദോടെ ആസ്വദിച്ചു തന്നെയാണെന്നാണ് പറയുന്നത് ..വലിയ വില കൊടുത്ത വാങ്ങിക്കുന്ന ഭക്ഷണം പോലും രുചി പോരായെന്നു പറഞ്ഞ് വലിച്ചെറിയുന്നവരുടെ എണ്ണം കൂടുന്തോറുംമാലിന്യ കൂമ്പാരത്തിൽ നിന്ന് അവ പെറുക്കി എടുത്ത്‌ ഭക്ഷിക്കുന്നവരുടെ എണ്ണവും കൂടുന്നു എന്നതാണ് വിരോധാഭാസം. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ ആസ്ഥാനമായ ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലാണ് പാഗ്പാഗ് എന്ന വിഭവം ഉള്ളത് .. ഇവിടുത്തെ ചേരികളില്‍ താമസിക്കുന്ന ജനവിഭാഗങ്ങളുടെ അവസ്ഥ പരമദയനീയമാണ്. എല്ലാ ദിവസവും ആഹാരം കണ്ടെത്തുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരിക്കലും നടക്കാത്ത കാര്യമാണ് . അതിനായി അവര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം ആണ് ഈ വിഭവം

ചേരികളില്‍ താമസിക്കുന്ന ആളുകള്‍ വിശപ്പടക്കാനായി മാലിന്യക്കൂമ്പാരത്തില്‍നിന്ന് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒപ്പം മത്സരിച്ച് ഭക്ഷണാവശിഷ്ടങ്ങൾ പെറുക്കി എടുക്കുന്നത് നിത്യ കാഴ്ചയാണ് ഇങ്ങനെ പെറുക്കി എടുത്ത മാംസം ഇവർ പാകം ചെയ്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത് .

‘പാഗ്പാഗ്’ എന്ന് വിളിക്കുന്ന ഈ വിഭവം അവിടെ വളരെ ജനപ്രിയമാണ്. പാഗ്പാഗ് വളരെക്കാലമായി ഫിലിപ്പിനോ ചേരികളിലെ ആളുകളുടെ പ്രധാന ഭക്ഷണമാണ്. എന്നാല്‍, സമീപ വര്‍ഷങ്ങളില്‍ ഇത് മാലിന്യം ശേഖരിക്കുന്നവര്‍ക്കും, ചെറിയ റെസ്റ്റോറന്റ് ഉടമകള്‍ക്കും ലാഭകരമായ ഒരു ബിസിനസ്സായി മാറിയിട്ടുണ്ട് എന്നതാണ് നടുക്കുന്ന യാഥാർഥ്യം .

ആളുകള്‍ ഉപേക്ഷിച്ച മാംസം കുറഞ്ഞ വിലയ്ക്ക് വാങ്ങി വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയാണിവര്‍. മുമ്പ് ലോഹവും, പ്ലാസ്റ്റിക്ക് മാലിന്യവും ശേഖരിച്ചിരുന്ന മാലിന്യം ശേഖരിക്കുന്ന തൊഴിലാളികള്‍ ഇന്ന് ഫാസ്റ്റ്ഫുഡ് ശൃംഖലകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും അവശേഷിക്കുന്നതും കാലഹരണപ്പെട്ടതുമായ ഭക്ഷണം ശേഖരിക്കുകയാണ് ചെയ്യുന്നത് . പൂച്ചകള്‍ക്കും, പാറ്റകള്‍ക്കും, എലികള്‍ക്കും ആഹാരമാകുന്ന അത് അവര്‍ ശേഖരിച്ചശേഷം പ്ലാസ്റ്റിക് ബാഗുകളില്‍ പാക്ക് ചെയ്ത്, ചെറിയ ലാഭത്തിന് വില്‍ക്കുന്നു.

ഇത്തരത്തില്‍ ഭക്ഷണം ശേഖരിക്കുന്ന ജോലി ചെയ്യുന്ന നിരവധി ആളുകളുമുണ്ട്. രാത്രി 12 മണിക്ക് തുടങ്ങുന്ന ജോലി വെളുക്കുംവരെ തുടരുന്നു. ‘ആഴ്ചയില്‍ 400 രൂപയാണ് ഇവർക്ക് കൂലി. ഇതിനായി അവര്‍ രാവും പകലും ജോലിചെയ്യുന്നു, തെരുവുകളില്‍ കറങ്ങുന്നു, മാലിന്യങ്ങള്‍ ശേഖരിക്കുന്നു.

ഇങ്ങനെ ശേഖരിച്ച മാംസത്തുണ്ടുകള്‍ കടക്കാര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത് . കടക്കാര്‍ അത് പാകം ചെയ്യുന്നതിന് മുന്‍പ് എല്ലുകള്‍ മാറ്റി മാംസം മാത്രമാക്കുന്നു. അതിനുശേഷം അഴുക്കുകള്‍ കളയുന്നതിനായി നല്ല വെള്ളത്തില്‍ കഴുകി എടുക്കും.

പിന്നീട് ഇത് വിവിധ സോസുകള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്ത് റെസ്റ്റോറന്റില്‍ വിളമ്പുന്നു. ഒരു പ്ലേറ്റിന് 19 രൂപയാണ് പഗ്പാഗിന്റെ വില. ഐസ് കച്ചവടക്കാരനായ നോനോയ് മൊറാല്ലോസ് സ്ഥിരമായി ഇത് കഴിക്കുന്നയാളാണ്. ‘എനിക്ക് ഇത് വളരെ ഇഷ്ടമാണ്. വളരെ സ്വാദുള്ള ഒരാഹാരമാണ് ഇത്’ എന്നാണ് നോനോയ് പറയുന്നത്. ഇവിടെയുള്ള മിക്ക ചേരി നിവാസികളുടെയും ദൈനംദിന ഭക്ഷണമാണിത്. കഴുകി എടുത്ത ഭക്ഷണാവശിഷ്ടം കഴിക്കുന്നത് കുട്ടികളില്‍ പോഷകകുറവുണ്ടാക്കുമെന്നും, ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ്, വയറിളക്കം, കോളറ എന്നിവ കുട്ടികളില്‍ ഉണ്ടാകുമെന്നും ദേശീയ ദാരിദ്ര്യ വിരുദ്ധ കമ്മീഷന്‍ (എന്‍എപിസി) മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പക്ഷേ, വിശപ്പിന്റെ കാഠിന്യത്തിൽ ആരും ഇതൊന്നും കേൾക്കാറില്ല … ഒന്നുമില്ലാത്തതിലും എത്രയോ ഭേദമാണ് ഈ ഭക്ഷണം എന്നവര്‍ വിശ്വസിക്കുന്നു. പാഗ്പാഗ് കഴിച്ച് ആരും ഇതുവരെ മരിച്ചിട്ടില്ലെന്നാണ് ഒരു പാഗ്പാഗ് വില്‍പ്പനക്കാരും കഴിക്കുന്നവരും പറയുന്നത് ..വിശന്നു മരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇതെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു ..ഒരു വയസ്സുള്ള കുഞ്ഞിനുപോലും ഈ ഭക്ഷണം കൊടുക്കാന്‍ അവര്‍ക്ക് ഭയമില്ല. കാരണം അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഇനിയെങ്കിലും വില കൂടിയ ഭക്ഷണം വാങ്ങി സ്വാദ് കുറഞ്ഞതിന്റെ പേരിൽ വലിച്ചെറിയുന്നവർ ഇതൊന്നു ഓർത്താൽ നല്ലത്