ന്യൂസിലാന്‍ഡ്: വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍. ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡ് പ്രദേശമായ പുറ്റാറുരുവില്‍ താമസിക്കുന്ന മലയാളി കുടുംബത്തെയാണ് ഗുരുതരാവസ്ഥയില്‍ വല്ക്കാറ്റോ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷിബു കൊച്ചുമ്മനെയും(35) ഭാര്യ സുബി ബാബുവിനെയും(32) ഷിബുവിന്റെ ‘അമ്മ ഏലിക്കുട്ടി ഡാനിയേലിനെയുമാണ്(62) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയോടെയാണ് ഷിബു വിളിച്ചതനുസരിച്ച് പാരാമെഡിക്‌സ് വീട്ടിലെത്തിയത്.

മാസത്തിലൊരിക്കല്‍ കൂട്ടുകാരുമൊത്ത് വേട്ടക്ക് പോകാറുള്ള ഷിബുവും കൂട്ടുകാരും വെള്ളിയാഴ്ചയും പുറ്റാരുരുവില്‍ വേട്ടക്കിറങ്ങിയിരുന്നു. കാട്ടുപന്നിയെ വെടിവെച്ചിട്ട ഷിബു രാത്രി കാട്ടുപന്നിയുടെ ഇറച്ചി വീട്ടില്‍ പാകം ചെയ്ത് കുടുംബവുമൊത്ത് കഴിച്ചതിനെ തുടര്‍ന്നാണ്‌ ഛര്‍ദ്ദി അനുഭവപ്പെട്ടത്. അമ്മയ്ക്കായിരുന്നു ആദ്യം ഛര്‍ദ്ദി തുടങ്ങിയത്. പാരാമെഡിക്‌സിനെ ഫോണ്‍ ചെയ്ത ഷിബു പാതിവഴി അബോധാവസ്ഥയിലായി. പാഞ്ഞെത്തിയ പാരാമെഡിക്‌സ് കണ്ടത് ഷിബുവും ഭാര്യയും അമ്മയും അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നതാണ്. കുട്ടികളെ നേരത്തെ ഉറക്കിയത് കാരണം അവര്‍ ഇറച്ചി കഴിച്ചിരുന്നില്ല. ഭക്ഷണ സാധനങ്ങള്‍ പോലീസ് വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്.

അഞ്ചു വര്‍ഷത്തിന് മുന്‍പാണ് ഷിബു കൊച്ചുമ്മനും കുടുംബവും ന്യൂസിലാന്‍ഡില്‍ എത്തുന്നത്. പുറ്റാറുരുവില്‍ ഏറെ സൗഹൃദങ്ങളുള്ള ഷിബുവിന്റെയും സുബിയുടെയും കുട്ടികളുടെ സംരക്ഷണ ചുമതല തത്കാലം ഹാമില്‍ട്ടണ്‍ മാര്‍ത്തോമ പള്ളിയിലെ മലയാളി കുടുംബങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഏകദേശം മൂന്നു മാസക്കാലം എടുക്കും കാട്ടുപന്നിയിറച്ചി കഴിച്ചതിലൂടെ ഉണ്ടായ വിഷാംശം ശരീരത്തില്‍ നിന്നും നീങ്ങാന്‍ എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അങ്ങനെയാണെങ്കില്‍ പോലും ഇപ്പോള്‍ അബോധാവസ്ഥയിലുള്ള ഇവര്‍ തിരികെ ജീവിതത്തിലേക്ക് മടങ്ങി വരുമ്പോള്‍ ശരീരം തളര്‍ന്ന് പോയിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.