ഫ്രാന്‍സിസ് പാപ്പാ ചിലി സന്ദര്‍ശിക്കുവാന്‍ മൂന്നു ദിവസം ശേഷിക്കേ തലസ്ഥാന നഗരമായ സാന്‍റിയാഗോയിലെ നാലോളം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇന്നലെയാണ് (വെള്ളിയാഴ്ച) അക്രമങ്ങള്‍ നടന്നത്. നാടന്‍ ബോംബുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചില്ലെങ്കിലും ദേവാലയ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലായെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും അക്രമികളെകുറിച്ച് ഇതുവരെ യാതൊരു അറിവും ലഭിച്ചിട്ടില്ല.

മാര്‍പാപ്പ ചിലി സന്ദര്‍ശിക്കുവാനിരിക്കെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാപ്പയെ ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണെന്നാണ് പോലീസ് ഭാഷ്യം. ഇതിനെ ശരിവെക്കുന്ന രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമികള്‍ രണ്ട് ദേവാലയങ്ങള്‍ക്ക് തീവെച്ച ശേഷം ലഘുലേഖകള്‍ വിതറികൊണ്ടായിരുന്നു രക്ഷപ്പെട്ടത്. “ഫ്രാന്‍സിസ് പാപ്പാ അടുത്ത ബോംബ്‌ നിങ്ങളുടെ സഭാവസ്ത്രത്തിലായിരിക്കും പതിക്കുക” എന്ന ഭീഷണിയാണ് ലഘുലേഖയിലുണ്ടായിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ചിലി പ്രസിഡന്‍റ് മിച്ചെല്ലെ ബാച്ചെലെറ്റ് ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഒരു ജനാധിപത്യ രാജ്യത്തില്‍ ആളുകള്‍ക്ക് സമാധാനപരമായി പ്രതികരിക്കുവാന്‍ അവകാശമുണ്ടെങ്കിലും, കഴിഞ്ഞ രാത്രിയില്‍ സംഭവിച്ച കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമായിപോയെന്നും അദ്ദേഹം റേഡിയോ അഭിമുഖത്തില്‍ പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ച് വത്തിക്കാന്റെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു പ്രതികരണവും ലഭ്യമായിട്ടില്ല.

സമീപവര്‍ഷങ്ങളില്‍ ചിലിയില്‍ അനേകം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെങ്കിലും ഭൂരിഭാഗം കേസുകളിലും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിരിന്നില്ല. തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ ചിലിയില്‍ എത്തുക. ചൊവ്വാഴ്ച സാന്‍റിയാഗോ പാര്‍ക്കില്‍ വെച്ച് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ 5 ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പെറുവിലേക്ക് പോകുന്നതിനു മുന്‍പ് ചിലിയിലെ ടെമുക്കോ, ഇക്വിക്ക് തുടങ്ങിയ നഗരങ്ങളും മാര്‍പാപ്പ സന്ദര്‍ശിച്ചേക്കും. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ചിലിയില്‍ ഒരുക്കുന്നത്.