സ്വന്തം ലേഖകൻ
റോം :- സ്വവർഗരതിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനായി, അവരെയും നിയമപരിരക്ഷയിൽ ഉൾപ്പെടുത്തുന്നതിനായി സിവിൽ – യൂണിയൻ നിയമങ്ങൾ കൊണ്ടുവരണമെന്ന ആഹ്വാനം നൽകിയിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന്റെ ജീവിതത്തെയും, ശുശ്രൂഷയും സംബന്ധിച്ച് ബുധനാഴ്ച പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിലാണ് മാർപാപ്പ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. സാധാരണ മനുഷ്യരെ പോലെ തന്നെ അവരും ജീവിക്കുവാൻ അവകാശം ഉള്ളവരാണ്. അവർക്കും ഒരു കുടുംബത്തിന്റെ സംരക്ഷണം ലഭിക്കുവാൻ അവകാശമുണ്ടെന്നും അദ്ദേഹം ഡോക്യുമെന്ററിയിൽ പറഞ്ഞു.
കത്തോലിക്കാ സഭയുടെ സ്ഥാപിത താല്പര്യങ്ങൾക്ക് എതിരെയുള്ള നിലപാടാണ് ഫ്രാൻസിസ് മാർപാപ്പ ഡോക്യൂമെന്ററിയിലൂടെ പങ്കുവെച്ചത്. നിരവധിപേരാണ് മാർപാപ്പയുടെ അഭിപ്രായപ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.കത്തോലിക്കാസഭയിൽ തന്നെ ഒരു നവീകരണ അനുഭവം കൊണ്ടുവരുന്നതിന് മാർപാപ്പയുടെ ഈ നിലപാടുകൾ സഹായിക്കുമെന്ന് വിദഗ് ധർ വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ മുൻഗാമി ആയിരുന്ന ബെനഡിക്റ്റ് മാർപാപ്പയുടെ നിലപാടുകളിൽ നിന്ന് വ്യത്യസ് തമായാണ് ഫ്രാൻസിസ് മാർപാപ്പ സ്വവർഗരതിക്ക് അനുകൂലമായി ഉള്ള ഈ അഭിപ്രായപ്രകടനം.
എന്നാൽ ചില കത്തോലിക്കാ കേന്ദ്രങ്ങൾ അദ്ദേഹത്തിന്റെ ഈ അഭിപ്രായ പ്രകടനത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ഇന്നേവരെയുള്ള നിലപാടുകളെ അട്ടിമറിക്കുന്നതാണ് മാർപാപ്പയുടെ ഈ അഭിപ്രായപ്രകടനം എന്ന് റോഡ് ഐലൻഡിലെ ബിഷപ്പ് ആയിരിക്കുന്ന തോമസ് ജെ ടോബിൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ എല്ലാ സഹജീവികളേയും സ്നേഹത്തോടും കരുതലോടും കാണണമെന്ന നിലപാടിലുറച്ച മനുഷ്യസ്നേഹിയാണ് ഫ്രാൻസിസ് മാർപാപ്പ എന്നാണ് ലോകമെമ്പാടുമുള്ള ജനങ്ങളുടെ വിലയിരുത്തൽ.
Leave a Reply