കുറുപ്പംപടി ∙ അപകടങ്ങളാലും സാമൂഹികവിരുദ്ധരുടെ സാന്നിധ്യത്താലും പരിസരവാസികൾക്കു തലവേദനയായ പെട്ടമല വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിച്ചു സംരക്ഷിക്കാനുള്ള ശ്രമം എങ്ങുമെത്തിയില്ല. അർധരാത്രിയിൽ പോലും യുവാക്കൾ ഇവിടെയെത്തുന്നതാണു പരിസരവാസികളെ ആശങ്കയിലാഴ്ത്തുന്നത്. 2017 സെപ്റ്റംബറിൽ 6ന് 3 യുവാക്കൾ പാറമടയിൽ മുങ്ങി മരിച്ചതിനെത്തുടർന്നാണ് അപകടരഹിത വിനോദസഞ്ചാര പദ്ധതി നടപ്പാക്കാൻ പ്രഖ്യാപനമുണ്ടായത്. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പ്രതിനിധികൾ പെട്ടമല സന്ദർശിച്ചെങ്കിലും 2 വർഷം കഴിഞ്ഞിട്ടും നടപടികളൊന്നുമില്ല.
റവന്യു പുറംപോക്കും സ്വകാര്യവ്യക്തികളുടെ സ്ഥലവും ഉൾപ്പെടുന്നതാണു പെട്ടമല. ഇവ വിനോദസഞ്ചാര കേന്ദ്രത്തിനായി ലഭ്യമാക്കുകയെന്നതാണു തടസ്സം. സ്വകാര്യ മേഖലയിലോ സർക്കാർ മേഖലയിലോ പദ്ധതി നടപ്പാക്കാൻ വൻ സാമ്പത്തികം വേണം. വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുന്ന പാറമടകൾ കാണാനും തമ്പടിക്കാനും ഒട്ടേറെ യുവാക്കളാണ് ഇപ്പോഴും വരുന്നത്. അപകടത്തിനു ശേഷം പ്രവേശനകവാടം പഞ്ചായത്ത് അടച്ചെങ്കിലും ഇപ്പോൾ നിയന്ത്രണമില്ല.
കഴിഞ്ഞ ദിവസം പുലർച്ചെ 2നു ബൈക്കുകളിലെത്തിയ 3 യുവാക്കളും 3 യുവതികളും പെട്ടമലയിലേക്കുള്ള വഴി ചോദിച്ചതോടെയാണു കൂടുതൽ ആശങ്ക പരിസരവാസികൾക്കുണ്ടായത്. നിയന്ത്രണങ്ങൾ മറികടന്നു പോകുന്നവരാണ് അപകടത്തിൽപെടുന്നത്.കുറുപ്പംപടി പൊലീസും മറ്റ് അധികൃതരും ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നതായി ആരോപണമുണ്ട്. രാത്രി പട്രോളിങ്ങും പരിശോധനയും ശക്തമാക്കണമെന്നാണ് ആവശ്യം. നൂറേക്കർ വിസ്തൃതിയിൽ നാൽപതോളം പാറമടകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഓരോന്നിനും 150 മുതൽ 200 അടി വരെ താഴ്ചയുണ്ട്.
Leave a Reply