ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ: വിശ്വവിഖ്യാതമായ ഹാരി പോട്ടർ സിനിമാ സീരീസിലെ ആൽബസ് ഡംബിൾഡോർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മൈക്കിൾ ഗാംബൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യുമോണിയയെത്തുടർന്നായിരുന്നു മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു. 1940 ഒക്ടോബർ 19 ന് അയർലണ്ടിൽ ജനിച്ച ഗാംബൻ ലണ്ടനിലാണ് വളർന്നത്. സിനിമകൾക്കപ്പുറം ടെലിവിഷനിലും നാടകങ്ങിലും റേഡിയോയിലുമടക്കം അഞ്ച് ദശകക്കാലത്തോളം അഭിനേതാവ് എന്ന നിലയിൽ സജീവമായിരുന്നു മൈക്കിൾ. ബ്രിട്ടീഷ് ഫിലിം അക്കാദമിയുടെ നാല് ബാഫ് ത അവാർഡുകൾ നേടിയിട്ടുണ്ട്.
ഹാരി പോട്ടറിലെ എട്ടു ഭാഗങ്ങളിൽ ആറിലും അദ്ദേഹം അഭിനയിച്ചിരുന്നു. പ്രഫസറുടെ വേഷമാണ് പ്രശസ്തനാക്കിയത്. ഐ.ടി.വി പരമ്പരയായ മൈഗ്രേറ്റിൽ ഫ്രഞ്ച് ഡിറ്റക്ടീവായ ജൂൾസ് മൈഗ്രെറ്റായി ഗാംബൻ അഭിനയിച്ചു. ബി.ബി.സിയിലെ ഡെന്നിസ് പോട്ടറിന്റെ ദി സിംഗിംഗ് ഡിറ്റക്ടീവിലെ ഫിലിപ്പ് മാർലോ എന്ന കഥാപാത്രവും ശ്രദ്ധ നേടി.
ലണ്ടനിലെ റോയൽ നാഷണൽ തിയേറ്ററിലെ അംഗമായാണ് കരിയർ തുടങ്ങിയത്. നിരവധി ഷേക്സ്പിയർ നാടകങ്ങളിൽ വേഷമിട്ടു. വിനോദ വ്യവസായത്തിലെ സേവനങ്ങൾക്ക് 1998 ൽ അദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചു. 1965 ൽ ഒഥല്ലോ എന്ന ചിത്രത്തിലൂടെയാണ് ഗാംബൻ സിനിമ അരങ്ങേറ്റം നടത്തിയത്. അതിശയകരമായ മനുഷ്യനും മികച്ച നടനുമായിരുന്നു ഗാംബനെന്ന് ജെ കെ റൗളിംഗ് അനുശോചിച്ചു. തന്റെ ജോലിയെ തികഞ്ഞ ആത്മാർത്ഥയോടെ സമീപിച്ച വ്യക്തിയായിരുന്നു ഗാംബനെന്ന് ഡാനിയൽ റാഡ്ക്ലിഫ് പറഞ്ഞു. ലേഡി ഗാംബോൺ ആണ് ഭാര്യ. മകൻ: ഫെർഗുസ്
Leave a Reply