ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്നലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ മാറ്റമില്ലാതെ 5 ശതമാനത്തിൽ നിലനിർത്തിയതിനു ശേഷം പൗണ്ടിന്റെ നിരക്ക് യുഎസ് ഡോളറിനെതിരെ രണ്ടര വർഷത്തിനിടെയുള്ള അതിൻറെ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് കുതിച്ചു. പൗണ്ടിന്റെ നിരക്ക് ഒരു ശതമാനം ഉയർന്ന് 1.331 ഡോളറിലെത്തി. ഇത് 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്.

പൗണ്ടിന്റെ വിനിമയ നിരക്ക് ഇന്ത്യൻ രൂപയ്ക്ക് എതിരെ മെച്ചപ്പെട്ട നില കൈവരിച്ചത് യുകെ മലയാളികൾക്ക് അനുഗ്രഹമായി. ഇന്നലെ 111.19 വരെയാണ് പൗണ്ടിന്റെ വിനിമയ നിരക്ക് ഉയർന്നത് . 2010-ൽ പൗണ്ടിന്റെ നിരക്ക് 71 രൂപ വരെ എത്തിയിരുന്നു. ഒരു വർഷത്തിനിടെ കഴിഞ്ഞ സെപ്റ്റംബറിൽ പൗണ്ടിന്റെ നിരക്ക് 100 രൂപ ആയിരുന്നിടത്താണ് നിലവിലെ നിരക്ക് എത്തിയത്.

അമേരിക്ക പലിശ നിരക്ക് കുറച്ചത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിപണികളിലും ചലനം സൃഷ്ടിച്ചു. ആർബിഐയും പലിശ നിരക്ക് കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. നാലുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പലിശ നിരക്ക് അര ശതമാനം കുറവ് വരുത്താനുള്ള തീരുമാനം അമേരിക്കൻ ഫെഡറൽ റിസർവ് കൈക്കൊണ്ടത്. പലിശ നിരക്ക് കുറയുന്നത് നിക്ഷേപകരെ സ്വർണ്ണത്തിലേയ്ക്ക് ആകർഷിക്കുമെങ്കിലും പ്രതീക്ഷിച്ച പ്രതിഫലനം വിപണിയിൽ ഉണ്ടായില്ല.