ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നികുതി വർധനയും സാമ്പത്തിക വളർച്ചാ മന്ദഗതിയും സംബന്ധിച്ച ആശങ്കകൾ മൂലം പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു . ഡോളറിനെതിരെ പൗണ്ട് 1.32 ഡോളറിലേക്കും യൂറോയോട് 1.13 യൂറോയിലേക്കും ആണ് താഴ്ന്നത് . ഇത് കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണ് . പിന്നീട് ചെറിയ തോതിൽ ഉയർന്നെങ്കിലും 1.14 യൂറോയിൽ സ്ഥിരത കൈവരിക്കുകയും ചെയ്‌തെങ്കിലും വിപണിയിൽ കൂടുതൽ ഇടിവ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് . സർക്കാരിന്റെ ധനകാര്യ നയം കൂടുതൽ കടുപ്പിക്കുകയും നികുതി വർധനയും ചെലവു ചുരുക്കലും ഒരുമിച്ച് നടപ്പിലാകുകയുമെങ്കിൽ പൗണ്ട് വീണ്ടും ദുർബലമാകാനുള്ള സാധ്യത ആണ് കാണുന്നത്.

നവംബർ 26-ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ചാൻസലർ റേച്ചൽ റീവ്സ് കർശന ധനനിയമങ്ങൾ പാലിക്കാനായി നികുതി കൂട്ടാനും ചില പൊതു ചെലവുകൾ കുറയ്ക്കാനും നിർബന്ധിതയാകുമെന്നാണ് വിലയിരുത്തൽ. യുകെയുടെ ഉൽപാദനക്ഷമത പ്രതീക്ഷിച്ചതിനേക്കാൾ താഴെയായതിനാൽ, സർക്കാരിന് അധിക വരുമാനം കണ്ടെത്തേണ്ടി വരുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ഇതിന്റെ ഫലമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് നിലവിലെ 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി വേഗത്തിൽ കുറയ്ക്കാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത് . ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെയുള്ള ചില പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ അടുത്ത ആഴ്ച നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് യോഗത്തിൽ തന്നെ നിരക്ക് കുറയ്ക്കാമെന്ന പ്രവചനവുമായി രംഗത്തെത്തി.

പലിശനിരക്കിൽ ഇളവ് വരുമ്പോൾ വിദേശ നിക്ഷേപകർ കൂടുതൽ ലാഭം ലഭിക്കുന്ന രാജ്യങ്ങളിലേക്ക് പണം മാറ്റാനുള്ള പ്രവണത കാണിക്കും. ഇതോടെ പൗണ്ട് മൂല്യം കൂടുതൽ താഴ്ന്നേക്കാം. എന്നാൽ വിലക്കയറ്റം നിയന്ത്രണത്തിലായതും ഭക്ഷ്യവിലയിൽ വൻതോതിലുള്ള ഇടിവ് വന്നതും ഉപഭോക്താക്കൾക്ക് ആശ്വാസമായി മാറും. ബ്രിട്ടീഷ് റീട്ടെയിൽ കോൺസോർഷ്യത്തിന്റെ റിപ്പോർട്ട് പ്രകാരം, കോവിഡ് മഹാമാരിക്കുശേഷം ഏറ്റവും വലിയ ഭക്ഷ്യവില ഇടിവ് ഒക്ടോബറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനയായതിനാൽ, ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ സാമ്പത്തിക വിദഗ്ധർ വായ്പാ പലിശ കുറയ്ക്കുന്നതിനായി കൂടുതൽ ആത്മവിശ്വാസം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൗണ്ടിന്റെ ഈ ഇടിവ് യുകെയിലെ മലയാളികളെയും നേരിട്ട് ബാധിക്കുന്നതാണ്. ഇതോടെ യുകെ മലയാളികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ മൂല്യം കുറയും.











Leave a Reply