ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ന് രാത്രിയും നാളെ രാവിലെയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ വെള്ളിയാഴ്ചയോടെ ചൂട് ഉയരുമെന്നും ഫ്രാൻസിന്റെ തെക്കൻ പ്രദേശങ്ങളെക്കാൾ കൂടുതൽ ചൂട് യുകെയിൽ അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെറ്റ് ഓഫീസ് ഇന്നും നാളെയും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും സൗത്ത് വെസ്റ്റ് ഭാഗങ്ങളിൽ ഇന്ന് കനത്ത മഴ ഉണ്ടാവുമെന്നാണ് പ്രവചനം. നാളെ നോർത്ത് ഈസ്റ്റ്‌ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കും. വരും ദിവസങ്ങളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതോടെ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സൗത്ത് വെസ്റ്റ് ഭാഗങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് ചീഫ് മെട്രോളജിസ്റ്റ് ആൻഡി പേജ് പറഞ്ഞു.

അറ്റ്ലാന്റിക്കിന് കുറുകെ സഞ്ചരിക്കുന്ന സാം ചുഴലിക്കാറ്റ് യുകെയിൽ ഉയർന്ന സമ്മർദ്ദം ചെലുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. അതിന്റെ ഫലമായി വെള്ളിയാഴ്ചയോടെ 70F (21°C) വരെ ചൂട് ഉയരും. താപനില ഉയരുന്നതോടെ ഇന്ത്യൻ സമ്മർ എത്തുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥ നിരീക്ഷകർ. ഇത് മാസത്തിന്റെ പകുതി വരെ നീണ്ടുനിൽക്കും. സ്കോട്ട്ലാൻഡിലും ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റ്‌ പ്രദേശങ്ങളിലുമാണ് കൂടുതൽ ചൂട് അനുഭവപ്പെടുക. തീരദേശ ചുഴലിക്കാറ്റ് ഇംഗ്ലണ്ടിനെയും വെയിൽസിനെയും ബാധിക്കുമെങ്കിലും ബുധനാഴ്ച മുതൽ നോർത്ത് വെസ്റ്റിൽ കാലാവസ്ഥ കൂടുതൽ ഊഷ്‌മളമാകും.