പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യമായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ആദിപുരുഷ്’ എന്ന പ്രഭാസ് ചിത്രത്തിന്റെ ബജറ്റിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

വൻ ബജറ്റിലാണ് പ്രഭാസ് ചിത്രം ഒരുങ്ങുക എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. 100 കോടിക്ക് അടുത്തായിരുന്നു ചിത്രത്തില്‍ പ്രഭാസിന് പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ പ്രഭാസ് 120 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ‘ആദിപുരുഷി’ന്റെ ബജറ്റ് 25 ശതമാനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്തായാലും ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ പലരേക്കാളും പ്രഭാസിന് ‘ആദിപുരുഷി’നായി പ്രതിഫലം ലഭിക്കുമെന്ന് ഉറപ്പ്. പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. ‘സലാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. . ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘സലാറി’നായി.

സലാര്‍ എന്ന പുതിയ ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രത്തിന്റെ സൂചനകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത് എന്നുമാണ് സൂചന. ‘ബാഹുബലി’ എന്ന ഹിറ്റ് ചിത്രത്തില്‍ ഇരട്ട വേഷത്തിലെത്തി മനംകവര്‍ന്ന നായകനാണ് പ്രഭാസ്. ‘ബാഹുബലി’ പോലെ വൻ ഹിറ്റ് തന്നെയായിരിക്കും പൃഥ്വിരാജും അഭിനയിക്കുന്ന ‘സലാര്‍’ എന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം.

‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറും’ നിര്‍മിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു’ സലാറി’ന്റെ ആദ്യ ഷെഡ്യുള്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രഭാസിന്റെ ‘സലാര്‍’ എന്ന ചിത്രത്തിന്റെ റിലീസ് 2023ലായിരിക്കും.