ഫോണിലൂടെ സോഷ്യൽ ലോകത്ത് വൈറലായ ഷിബുലാൽജിയ്ക്ക് ഫോണിലൂടെ ലഭിച്ച ഭീഷണിയാണിത്. ഇൗ ഒാഡിയോ ക്ലിപ്പ് അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഇതൊരു മുന്നറിയിപ്പായിട്ടൊന്നും കരുതേണ്ട. പക്ഷേ തന്റെ മുഹമ്മയിലുള്ള വീടുൾപ്പെടെ നിന്റെ ജാതി, നിന്റെ ഭാര്യയുടെ ജാതി എല്ലാം ഞങ്ങൾ സ്കെച്ച് ചെയ്തു കഴിഞ്ഞു. നിന്റെ ജോലി സംബന്ധിച്ച് എല്ലാം വിവരങ്ങളും ഞങ്ങൾ ശേഖരിച്ചു കഴിഞ്ഞു. നിന്റെ ജോലി മൂന്നു ദിവസത്തിനുള്ളിൽ തെറിപ്പിക്കും. അതിനുള്ള കാര്യങ്ങൾ ചെയ്തു കഴിഞ്ഞു. നിന്റെ കളി നിർത്തിക്കോ നീ സംഘി ചമഞ്ഞിട്ട് സംഘപരിവാറിനെയും ബിജെപിയെയും തേയ്ക്കുന്നത് ആർക്കും മനസിലാകില്ലെന്ന് കരുതിയോ? നിന്റെ കളി തീർത്തുതരാം..’

പെട്രോൾ വില വർധനയിൽ ജനങ്ങൾ‌ നട്ടം തിരിയുമ്പോൾ അസാധാരണ മികവുളള ട്രോൾ വിഡിയോയിലൂടെ കടുത്ത വിമർശനം ഉന്നയിച്ച ഷിബുലാൽ കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെ വൻ സൈബർ ആക്രമണമാണ് സംഘപരിവാർ ഇയാൾക്കെതിരെ നടത്തിയത്. ഇതിന് പിന്നാലെയാണ് ഫോണിൽ വിളിച്ചുള്ള വധഭീഷണി. കുടുംബത്തിനെ അടക്കം കൊന്നുകളയുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.

വധഭീഷണി മുഴക്കിയ സംഘപരിവാർ പ്രവർത്തകൻ പക്ഷേ തന്റെ വീടും സ്ഥലവും തെറ്റായി പറഞ്ഞതായും ഇയാൾ വിഡിയോയിൽ പറയുന്നു. നിന്നെ ഞങ്ങൾ സ്കെച്ച് ചെയ്തു കഴിഞ്ഞു എന്നായിരുന്നു ഇയാളുടെ ഭീഷണി. മുഹമ്മയിലുള്ള നിന്റെ വീട് ഞാൻ തകർത്തിരിക്കും എന്നായിരുന്നു ഭീഷണി. എന്നാൽ പേരിനൊപ്പം തന്നെ തകഴി എന്ന സ്ഥലപേര് ചേർത്തിട്ടും അതുപോലും മനസിലാക്കാതെയാണ് സംഘപരിവാർ തന്നെ സ്കെച്ച് ചെയ്യുന്നതെന്നും ഷിബുലാൽജി പരിഹസിക്കുന്നു. ജാതീയമായും ഇവർ അപഹസിക്കുന്നതായി ഇയാൾ ചൂണ്ടിക്കാട്ടുന്നു. ഭീഷണിമുഴക്കിയ വ്യക്തിയുടെ ഫെയ്സ്ബുക്കിന്റെ സ്ക്രീൻഷോട്ടും ഇയാൾ പങ്കുവച്ചിട്ടുണ്ട്.

പെട്രോൾ വിലക്കൂടുതലിനെതിരെയുളള ട്രോൾ വിഡിയോയാണ് ഷിബുലാൽജിയെ പ്രശസ്തനാക്കിയത്. വെറും 10 പൈസയോ 15 പൈസയോ മാക്സിമം പോയി കഴിഞ്ഞാൽ 30 പൈസയോ ആണ് പെട്രോളിന് ഒരു ലിറ്ററിന് കൂടുന്നതെന്നും വിഡിയോയിൽ ഷിബുലാൽജി വിശദീകരിച്ചിരുന്നു . ഈ 15 പൈസയോ 30 പൈസയോ കൂടുമ്പോൾ നിങ്ങൾക്ക് ഇതിൽ നിന്ന് എന്താണ് നഷ്ടമുണ്ടാകുന്നത്. 1000 രൂപയ്ക്കും 2000 രൂപയ്ക്കും മദ്യം വാങ്ങി കുടിക്കുന്നവർക്ക് ലിറ്ററിന് 30 പൈസ പെട്രോളിന് കൂടുമ്പോൾ ഇത്രയ്ക്കും ബഹളം വയ്ക്കേണ്ടതുണ്ടോ? 30 പൈസ വച്ച് കൂടുന്നത് ഇന്ത്യയിലെ പാവപ്പെട്ടവർക്കു വേണ്ടി കക്കൂസ് പണിയുന്നതിനു വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ പറയുകയും ചെയ്തിട്ടുണ്ട്. 30 പൈസ വച്ച് കൂടുമ്പോൾ അത് കൊടുക്കാൻ കയ്യിൽ ഇല്ലെന്നു പറയുന്നത് എത്ര ആലോചിച്ചിട്ടും സംഘമിത്രങ്ങൾക്ക് മനസിലാകുന്നില്ലെന്നും വിഡിയോയിൽ ഷിബുലാൽ പരിഹസിച്ചിരുന്നു.

പെട്രോൾ വില വർധനയിൽ ജനങ്ങൾ‌ നട്ടം തിരിയുമ്പോൾ അസാധാരണ മികവുളള ട്രോൾ വിഡിയോയിലൂടെ കടുത്ത വിമർശനം ഉന്നയിച്ച ഷിബുലാൽ കയ്യടി നേടി.സീരിയസ് വിഡിയോ ആണെന്ന് കരുതി ഷിബുലാലിനെ ചീത്തവിളിച്ചവരും കാര്യമറിഞ്ഞതോടെ പൊട്ടിച്ചിരിച്ചു. ഒറ്റ ട്രോൾ കൊണ്ടൊന്നും ഷിബുലാൽ അവസാനിപ്പിച്ച മട്ടില്ല. ഉടൻ വന്നു മാരക ഐറ്റം. സംഘപരിവാർ സംഘടനകള്‍ മാപ്പുപറച്ചിലിൽ കേമൻമാരാണെന്ന ശത്രുപക്ഷക്കാരുടെ പതിവു പല്ലവി ഏറ്റെടുത്താണ് ഷിബുലാൽജിയുടെ രണ്ടാമത്തെ വിഡിയോ. ക്ലാസ് സ്റ്റെലിൽ മാപ്പു പറച്ചിൽ. ഷിബുലാൽജിയുടെ മാപ്പുപറച്ചിൽ വിഡിയോയും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതിന് പിന്നാലെയാണ് വിജയ്മല്യ വിഷയത്തിൽ വേറിട്ട ഭാഷ്യവുമായി ഷിബുലാൽജി രംഗത്തു വന്നത്.