നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാനായി സികെ ജാനുവിന് 10 ലക്ഷം നൽകിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെന്ന് അവകാശപ്പെട്ട് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത രംഗത്ത്. സികെ ജാനുവിനെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ഫോൺ സംഭാഷണങ്ങളുടെ കൂടുതൽ തെളിവുകൾ കൈവശമുണ്ടെന്നും തന്നെ അവഹേളിക്കാൻ ശ്രമിച്ചാൽ ഈ ശബ്ദ രേഖകളെല്ലാം പുറത്തു വിടുമെന്നും പ്രസീത ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
സികെ ജാനുവിനു ബിജെപി സംസ്ഥാന അധ്യക്ഷൻ പണം നൽകിയതുമായി ബന്ധപ്പെട്ടു വെളിപ്പെടുത്തൽ നടത്തിയതോടെ ബിജെപിക്കാർ തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും പ്രസീത ആരോപിക്കുന്നു. ഇനിയും ഉപദ്രവിച്ചാൽ കൂടുതൽ രേഖകൾ പുറത്തു വിടുമെന്നാണ് പ്രസീത പറയുന്നത്. സരിത 2.0 എന്നു വിശേഷിപ്പിച്ചാണു സന്ദേശങ്ങൾ അയയ്ക്കുന്നത്. ഇതിനെതിരെ നിയമവഴി തേടുമെന്നും പ്രസീത പറഞ്ഞു.
‘ജെആർപി-എൻഡിഎയുടെ ഭാഗമാവുന്നതുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളുടെയും സികെ ജാനുവിനെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ടും പ്രചാരണ നാളുകളിലുമെല്ലാം ബിജെപി നേതാക്കളുമായി സംസാരിച്ചതിന്റെയുമെല്ലാം ശബ്ദരേഖകൾ കൈവശമുണ്ട്. കൂടുതൽ പ്രകോപിപ്പിക്കാനും അവഹേളിക്കാനുമാണു ബിജെപി നേതാക്കളുടെ ശ്രമമെങ്കിൽ ഇവയെല്ലാം പുറത്തുവിടേണ്ടിവരും. പിന്നെ ആദർശംപറഞ്ഞ് തലയുയർത്തി നടക്കാൻ അവർക്കു കഴിഞ്ഞെന്നുവരില്ല,’-പ്രസീത പറഞ്ഞതിങ്ങനെ.
നേരത്തെ, 10 കോടി രൂപയാണു സികെ ജാനു സ്ഥാനാർത്ഥിയാകാനായി ആവശ്യപ്പെട്ടതെന്നും ഇതിന്റെ ആദ്യഘഡുവായിട്ടാണു പത്ത് ലക്ഷം രൂപ നൽകിയതെന്നും പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തു വിട്ടിട്ടുണ്ട്. പുറത്തുവിട്ട ഫോൺ സംഭാഷണത്തിൽ മാർച്ച് ആറിന് തിരുവനന്തപുരത്തു വന്നാൽ പണം നൽകാമെന്നും തെരഞ്ഞെടുപ്പു സമയം ആയതിനാൽ പണം കൊണ്ടുനടക്കാൻ കഴിയില്ലെന്നായിരുന്നു കെ സുരേന്ദ്രൻ പറഞ്ഞ്.
Leave a Reply